ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രധാനമന്ത്രിക്ക് കത്ത്: ബംഗാളി നടന്‍ കൗഷിക് സെന്നിന് വധഭീഷണി

വ്യാഴാഴ്ചയാണ് ഭീഷണി മുഴക്കി ഫോണ്‍ സന്ദേശമെത്തിയതെന്നും ഫോണ്‍ നമ്പര്‍ പോലിസിനു കൈമാറിയെന്നും കൗശിക് സെന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു

Update: 2019-07-25 07:00 GMT

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച ബംഗാളി നടന്‍ കൗഷിക് സെന്നിന് വധഭീഷണി. വ്യാഴാഴ്ചയാണ് ഭീഷണി മുഴക്കി ഫോണ്‍ സന്ദേശമെത്തിയതെന്നും ഫോണ്‍ നമ്പര്‍ പോലിസിനു കൈമാറിയെന്നും കൗശിക് സെന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. അജ്ഞാത നമ്പറില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പിന്‍മാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. തന്നോടൊപ്പം കത്തില്‍ ഒപ്പുവച്ചവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, അപര്‍ണാ സെന്‍, രാമചന്ദ്ര ഗുഹ തുടങ്ങിയ ചലച്ചിത്ര രംഗത്തെയും വിവിധ മേഖലകളിലെ പ്രസിദ്ധരുമുള്‍പ്പെടുന്ന 49 പേരാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചത്. രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണം വര്‍ധിച്ചുവരുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ കത്തില്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ച വ്യാധി പോലെ രാജ്യത്ത് പടരുകയാണെന്ന് ഹിന്ദി ചലച്ചിത്ര താരം സ്വര ഭാസ്‌കര്‍ കുറ്റപ്പെടുത്തിയിരുന്നു.


Tags:    

Similar News