ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പന: ആമസോണ്‍ യൂനിറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്

Update: 2021-11-20 19:22 GMT

ലഖ്‌നോ: മധ്യപ്രദേശിലെ ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പന കേസില്‍ ആമസോണ്‍ ലോക്കല്‍ യൂനിറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പോലിസ് കേസെടുത്തു. മയക്കുമരുന്ന് നിയമപ്രകാരമാണ് കേസെടുത്തത്. ഇ- കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സഹകരിച്ചില്ലെങ്കില്‍ ആമസോണിന്റെ മാനേജിങ് ഡയറക്ടര്‍ക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നവംബര്‍ 14ന് മധ്യപ്രദേശ് പോലിസ് 20 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റുചെയ്തു. കഞ്ചാവ് പായ്ക്ക് ചെയ്ത് സ്റ്റീവിയ ഇലകള്‍ (മധുര തുളസി) എന്ന പേരില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തിവിടുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആമസോണ്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം പ്രതികളാക്കിയതായി പോലിസ് പ്രസ്താവനയില്‍ പറഞ്ഞു.

പോലിസിന്റെ ചോദ്യങ്ങള്‍ക്കും ചര്‍ച്ചയില്‍ കണ്ടെത്തിയ വസ്തുതകള്‍ക്കും മറുപടിയായി കമ്പനി നല്‍കിയ രേഖകളിലെ ഉത്തരങ്ങളില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. എന്നാല്‍, എത്ര എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലിസ് വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ ആമസോണ്‍ എക്‌സിക്യൂട്ടീവുകളെ വിളിച്ചുവരുത്തി മുമ്പ് സംസാരിച്ച പോലിസ്, ഏകദേശം 148,000 ഡോളര്‍ വിലമതിക്കുന്ന 1,000 കിലോ കഞ്ചാവ് ആമസോണ്‍ വഴി വിറ്റതായി കണക്കെടുത്തിരുന്നു. നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം തടയാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News