ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നടപ്പാക്കാന്‍ തയാറെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നവംബറില്‍ നിര്‍ദേശിച്ചിരുന്നു

Update: 2020-12-21 10:50 GMT

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പാക്കാന്‍ തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. എല്ലാ നിയമ ഭേദഗതികള്‍ക്കുമൊടുവില്‍ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്' തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാണെന്ന് സുനില്‍ അറോറ 'ന്യൂസ് 18' ചാനലിനോട് വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നവംബറില്‍ നിര്‍ദേശിച്ചിരുന്നു. 2018 ല്‍ നിയമ കമ്മിഷന്‍ കരട് റിപ്പോര്‍ട്ടില്‍ ലോക്‌സഭ, നിയമസഭകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ശുപാര്‍ശ ഉള്‍പ്പെടുത്തിയിരുന്നു. 2015ലും 2018ലും വിവിധ സമിതികള്‍ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ഏകാധിപത്യത്തിലേക്ക് വഴിയൊരുക്കുന്ന നിര്‍ദേശമാണ് നരേന്ദ്രമോദിയുടേത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനോട് തിരഞ്ഞെടുപ്പു കമ്മീഷനും യോജിപ്പ് പ്രകടിപ്പിച്ചതോടെ ഈ സംവിധാനം നടപ്പിലാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.




Tags: