കശ്മീരിൽ എല്ലാ ദിവസവും ഒരു സായുധൻ കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കണക്കുകൾ

കൊറോണ വ്യാപനത്തിനിടയിലും നിരവധി യുഎപിഎ അറസ്റ്റുകൾ കശ്മീരിൽ നടക്കുന്നുള്ളതായുള്ള റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

Update: 2020-04-30 07:59 GMT

ശ്രീനഗർ: ജമ്മു കശ്മീരിൽ എല്ലാ ദിവസവും ശരാശരി ഒരു സായുധൻ കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ മാസത്തെ മാത്രം കണക്കുകളിൽ 38 സായുധരാണ് കൊല്ലപ്പെട്ടത്. കശ്മീർ വിഭജനത്തിന് പിന്നാലെയാണ് കശ്മീരിൽ ഇത്രയും നാൾ നീണ്ടുനിൽക്കുന്ന സൈനിക ഓപറേഷൻ ആരംഭിച്ചത്.

ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം 38 സായുധരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. 28 ഏറ്റുമുട്ടലുകളിലായി പത്ത് സാധാരണക്കാരും 12 സുരക്ഷാ ഉദ്യോ​ഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. കർബതപോര കുൽഗാം, കെരൺ, അംപോറ സോപോർ, കീഗം, മെൽഹോറ ഷോപിയൻ, ഡാചെൻ കിഷ്ത്വാർ, ഖാർപോറ ബിജ്ബെഹാര, ഗോരിപോര പുൽവാമ എന്നിവിടങ്ങളിലാണ് സായുധരിലേറെയും കൊല്ലപ്പെട്ടത്.


ഈ മാസം താഴ്വരയിൽ എല്ലാ ദിവസവും ഒരു സായുധനെ കൊല്ലപ്പെടുന്നുണ്ടെന്നും ഇത് ശരിക്കും ഒരു വലിയ വിജയമാണെന്നും കൂടാതെ, സായുധ സംഘടനകളുടെ നിരവധി അനുഭാവികളെ പിടികൂടിയിട്ടുണ്ടെന്നും ഒരു പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കശ്മീരിലെ ഒരു ഓൺലൈൻ പോർട്ടൽ റിപോർട്ട് ചെയ്തു.

കൊറോണ വ്യാപനത്തിനിടയിലും നിരവധി യുഎപിഎ അറസ്റ്റുകൾ കശ്മീരിൽ നടക്കുന്നുള്ളതായുള്ള റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഹിന്ദു റിപ്പോര്‍ട്ടര്‍ പീര്‍സദ ആശിഖിനെതിരെയും യുവ ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്‌റത് സഹറക്കെതിരെയും ജമ്മു കശ്മീര്‍ പോലിസ് യുഎപിഎ ചുമത്തിയ നടപടിയെ ശക്തമായി അപലപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നേരത്തെ രം​ഗത്ത് വന്നിരുന്നു.