രാജ്യത്തെ പ്രതിദിന രോഗികള്‍ രണ്ടാം ദിനവും നാല് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ മരണം നാലായിരത്തിലേയ്ക്ക്

4,14,188 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും നാലായിരത്തിലേക്ക് അടുക്കുകയാണ്. 3,915 പേരാണ് ഒരുദിവസം മാത്രം മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. മരണസംഖ്യ 2,34,083 ആയി ഉയര്‍ന്നു.

Update: 2021-05-07 06:44 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി പരത്തി കൊവിഡ് അതി തീവ്രമായി വ്യാപിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നിരിക്കുകയാണ്. 4,14,188 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും നാലായിരത്തിലേക്ക് അടുക്കുകയാണ്. 3,915 പേരാണ് ഒരുദിവസം മാത്രം മരിച്ചത്.  രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. മരണസംഖ്യ 2,34,083 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. 36,45,164 പേര്‍ ചികില്‍സയിലുണ്ട്.

വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി. മഹാരാഷ്ട്ര (62,194), കര്‍ണാടക (49058), കേരളം (42464), ഉത്തര്‍പ്രദേശ് (26622), തമിഴ്‌നാട് (24898) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ കടുന്ന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ ശരാശരി 150 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

10 ദിവസത്തില്‍ രാജ്യത്ത് മരിച്ചത് 36,110 പേരാണ്. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക് എല്ലാ ദിവസവും 3000 ന് മുകളിലാണ്. ഇന്നലെയും 4.14 ലക്ഷത്തിന് മുകളിലായിരുന്നു രാജ്യത്തെ പുതിയ രോഗബാധിതര്‍. മരണനിരക്കില്‍ നേരിയ കുറവ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇന്നലെ 3,927 പേരാണ് മരിച്ചത്. ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണിത്. അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നത്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്തപ്പോള്‍ അമേരിക്കയില്‍ രേഖപ്പെടുത്തിയ മരണനിരക്ക് 34,798 ആണ്. ബ്രസീലില്‍ ഇത് 32,692 ആണ്.

24 മണിക്കൂറില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ 100ലധികം മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹി അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും ഇതുവരെ ഉണ്ടായതിലെ ഏറ്റവുമുയര്‍ന്ന മരണസംഖ്യയാണ് ഇന്നലെ റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് മരണസംഖ്യയില്‍ ഇപ്പോഴും മുന്നില്‍. വ്യാഴാഴ്ച മാത്രം റിപോര്‍ട്ട് ചെയ്തത് 853 മരണം. മാര്‍ച്ച് ഒന്നിന് 15,510 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നത് എങ്കില്‍ രണ്ടാഴ്ചയായി അത് മൂന്നുലക്ഷത്തിന് മുകളിലായി. കൊവിഡ് വ്യാപനത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപോര്‍ട്ടുകള്‍.

Tags:    

Similar News