വാരിക്കോരി നല്‍കിയിട്ടും എന്‍എസ്എസ് ഇടതിനെ കൈവിട്ടു

Update: 2021-04-07 12:41 GMT
വാരിക്കോരി നല്‍കിയിട്ടും എന്‍എസ്എസ് ഇടതിനെ കൈവിട്ടു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായി പത്തു ശതമാനം മുന്നാക്ക സംവരണം നല്‍കിയിട്ടും എന്‍എസ്എസ് സിപിഎമ്മിനെ കൈവിട്ടതായാണ് നേതാക്കളുടെ തുറന്നടിക്കലിലൂടെ വ്യക്തമാവുന്നത്. എന്‍എസ്എസ് ഇടതുപക്ഷ വിരുദ്ധത തെളിയിച്ചുവെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും തുടരെയുള്ള മറ്റ് സിപിഎം നേതാക്കളുടെ പ്രസ്താവനകളും ഇതിന് തെളിവാണ്. അതേസമയം വിശ്വാസികളുടെ പ്രതിഷേധം തുടരുകയാണെന്നും ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്നും ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

എന്‍എസ്എസിന്റെ സമദൂരത്തില്‍ നിന്നുള്ള വ്യത്യാസമാണിതെന്നും ഇന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. എന്‍എസ്എസിന് ആര്‍ജ്ജവമുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്ന് സിപിഎം നേതാവ് എ കെ ബാലനും ആവശ്യപ്പെട്ടു. എന്‍എസ്എസിന് രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് ദൈവത്തിനെ കൂട്ടുപിടിക്കുന്നതെന്നും എ കെ ബലന്‍ തുറന്നടിച്ചു. എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ജി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസുകാരനാണെന്ന് മന്ത്രി എം എം മണിയും അഭിപ്രായപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ എന്‍എസ്എസിന് എതിരേയുള്ള സിപിഎം നേതാക്കളുടെ ഈ പ്രസ്താവനകള്‍, തിരഞ്ഞെടുപ്പില്‍ ഇടതുവിരുദ്ധ നിലപാടായിരുന്നു പെരുന്നക്ക് ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.

എന്‍എസ്എസിനെ കൂട്ടുപിടിച്ച് തുടര്‍ഭരണം നേടാന്‍ പത്ത്ശതമാനം സംവരണം നല്‍കിയിട്ടും സമുദായം പരമ്പരാഗത ശൈലിയില്‍ എല്‍ഡിഎഫിനെ കൈവിട്ടു. എന്‍എസ്എസിനെ കൂടെ നിര്‍ത്താന്‍ പല അടവുകളും സിപിഎം പ്രയോഗിച്ചിരുന്നുവെങ്കിലും അതെല്ലാം പാളുകയായിരുന്നു. സംവരണത്തിന് പുറമെ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാറും നാമജപസംഘവും ഉള്‍പ്പെടുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ഇടതുസര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട കേസുകളും എന്‍എസ്എസിന് വേണ്ടി പിന്‍വലിക്കുകയായിരുന്നു. ശബരിമലയെ സംഘപരിവാര്‍ കലാപഭൂമിയാക്കി പൊതുമുതല്‍ നശിപ്പിച്ച കേസുകളാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം ഭരണഘടനാപരമായ അവകാശത്തിന് വേണ്ടി സമാധാനപരമായി നടത്തിയ പൗരത്വ സമരത്തിനെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുന്നതിനൊപ്പമാണ് സംഘപരിവാര്‍ കലാപകേസുകള്‍ എന്‍എസ്എസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്. അതിനിടെ, ഇടതു നേതാക്കളുടെ എന്‍എസ്എസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും മുന്നോട്ട് വന്നിട്ടുണ്ട്. എന്‍എസ്എസ് ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് അനുകൂലമായാണ് നീങ്ങിയതെന്ന് ഇപ്പോഴത്തെ സിപിഎം നേതാക്കളുടെ പ്രതികരണങ്ങളില്‍ വ്യക്തമാണ്.