അസം പൗരത്വ രജിസ്റ്റര്‍: രേഖകള്‍ സമര്‍പ്പിക്കാന്‍ ആറുമാസം കൂടി

ഈ മാസം 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രജിസ്ട്രാര്‍ ജനറല്‍ ഇന്നലെ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

Update: 2018-12-27 19:05 GMT

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ (എന്‍ആര്‍സി) നിന്നു പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിന് രേഖകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ ആറുമാസം കൂടി നീട്ടി. ഈ മാസം 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രജിസ്ട്രാര്‍ ജനറല്‍ ഇന്നലെ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. പട്ടികയില്‍ നിന്നു പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിന് രേഖകള്‍ സഹിതം അവരുടെ അവകാശവാദങ്ങള്‍ ഉന്നയിക്കാനും പരാതികളില്‍ വാദം കേള്‍ക്കാനും നിശ്ചയിച്ചിരുന്ന തിയ്യതി ഈ മാസം 15ന് അവസാനിക്കാനിരിക്കെ സുപ്രിംകോടതി 31 വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, ഈ കാലയളവിനിടയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലും പൊതുതാല്‍പര്യവും പരിഗണിച്ചാണ് ജൂണ്‍ 30 വരെ നീട്ടുന്നത് എന്നാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സൈലേഷ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇതോടെ, 2019 ജൂണ്‍ 30 വരെ എന്‍ആര്‍സി സംബന്ധമായ പരാതികളില്‍ പരിഹാരം കാണാനാവും.

ജൂലൈയില്‍ പ്രസിദ്ധീകരിച്ച കരടു പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഈ ഘട്ടത്തില്‍ എതിര്‍പ്പുകളും വാദഗതികളും സമര്‍പ്പിക്കുന്നതിന് അവസരമുണ്ടാവും. 14.8 ലക്ഷം അപേക്ഷകള്‍ ഇതുവരെ ലഭിച്ചുവെന്നും അപേക്ഷകരില്‍ ഭൂരിഭാഗവും എഴുത്തും വായനയും അറിയാത്തവരായതിനാലും സംസ്ഥാനത്ത് പഞ്ചായത്തു തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നും എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.




Tags: