കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല, അയല്‍ സംസ്ഥാനങ്ങള്‍ക്കും ഭീഷണി; കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2021-09-01 09:02 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേരളം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ സ്ഥിതിഗതികള്‍ അയല്‍സംസ്ഥാനങ്ങള്‍ക്കുപോലും ഭീഷണിയായിരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

85 ശതമാനത്തോളം രോഗികളും കേരളത്തില്‍ വീടുകളിലാണ് കഴിയുന്നത്. പ്രതിദിന രോഗബാധ കുറയ്ക്കണമെങ്കില്‍ കൂടുതല്‍ സൂക്ഷ്മവും തന്ത്രപരവുമായ ലോക്ക് ഡൗണ്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉപദേശങ്ങള്‍ അതേപടി അനുസരിക്കണം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള സംസ്ഥാനമായി ഏതാനും ദിവസങ്ങളായി കേരളം തുടരുകയാണ്. ഇതിന്റെ പ്രതിഫലനം അയല്‍ സംസ്ഥാനങ്ങള്‍ക്കുകൂടി അനുഭവിക്കേണ്ടിവരികയാണെന്നും ആരോഗ്യവകുപ്പ് കരുതുന്നു.

ജില്ലാ തലത്തിലുള്ള നിയന്ത്രണം മാത്രം പോരെന്നും മൈക്രോ കണ്ടയിന്‍മെന്റ് സോണുകളില്‍ അതിര്‍ത്തിപ്രദേശങ്ങളെക്കൂടി കണക്കെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തണം. വീടുകളില്‍ കഴിയുന്നവര്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും കേന്ദ്രത്തിന് പരാതിയുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളിലെ ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. കേരളത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 14-19 ശതമാനമാണ്. അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലും ഇത് പ്രശ്‌നമുണ്ടാക്കുന്നു.

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടക ഇതിനകം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

മുന്‍കാലത്ത് വളരെയേറെ പ്രശംസ പിടിച്ചുപറ്റിയ കേരളത്തില്‍ ഇപ്പോള്‍ കൊവിഡ് രോഗബാധ പരിധിയില്ലാതെ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം 30,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ തുടങ്ങിയ ശേഷം 40 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20,000 പേര്‍ മരിച്ചു.