മത ഭിന്നതകളില്ല, പ്രാര്‍ത്ഥനയില്‍ മുഴുകി ശാഹീന്‍ ബാഗ്

രാജ്യം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ഐക്യപ്പെടുന്നതായി ശാഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്നവര്‍ പറഞ്ഞു. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയില്‍ ഒത്തുകൂടി.

Update: 2020-02-07 06:31 GMT

ന്യൂഡല്‍ഹി: ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രാര്‍ത്ഥനാ സംഗമം ഒരുക്കി ശാഹീന്‍ ബാഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശാഹീന്‍ ബാഗില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിനിടയിലാണ് എല്ലാ മതങ്ങളില്‍ നിന്നുള്ളവര്‍ വ്യാഴാഴ്ച പ്രാര്‍ത്ഥനകളുമായി സംഗമിച്ചത്.

രാജ്യത്ത് നിലനില്‍ക്കുന്ന 'ഭയത്തിന്റെയും അക്രമത്തിന്റെയും' അന്തരീക്ഷം അവസാനിപ്പിക്കാനും ജനങ്ങള്‍ക്ക് സാമുദായിക ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാനുമാണ് പ്രാര്‍ത്ഥനാ സംഗമം ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ഹിന്ദു, മുസ്‌ലിം, സിഖ്, ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയില്‍ ഒത്തുകൂടി. രാജ്യം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ഐക്യപ്പെടുന്നതായി ശാഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്നവര്‍ പറഞ്ഞു.

വസ്ത്രത്തില്‍ നിന്ന് സമരക്കാരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരേ സിഖ് വേഷം ധരിച്ചെത്തിയാണ് സുല്‍ത്താന്‍ ഷെയ്ഖ് മറുപടി നല്‍കിയത്. 'വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയുന്നതിനെക്കുറിച്ചാണ് നമ്മുടെ പ്രധാനമന്ത്രി സംസാരിക്കുന്നത്. സിഖ് വേഷം ധരിച്ച ഞാന്‍ ഏത് മതത്തില്‍ പെട്ടയാളാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയട്ടെ'. സുല്‍ത്താന്‍ ഷെയ്ഖ് പറഞ്ഞു. നമ്മുടെ രാജ്യം ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്. ഞങ്ങള്‍ ഐക്യപ്പെടുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തിന്റെ ഐക്യത്തിനും കരുത്തിനും വേണ്ടിയാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. എല്ലാ മതങ്ങളും ഇവിടെ ഐക്യപ്പെടുന്നു. ആരും ശാഹീന്‍ ബാഗിനെ മുസ്‌ലിംകളുടെ പ്രക്ഷോഭമായി കണക്കാക്കരുത്. സിഖുകാര്‍ ഗുര്‍ബാനിയും ക്രൈസ്തവര്‍ ബൈബിളും മുസ് ലിംകള്‍ ഖുര്‍ആനും ഹിന്ദുക്കള്‍ വേദവും ഇവിടെ പാരായണം ചെയ്യുന്നു'. ഹിന്ദു പുരോഹിതനായ സന്ത് യുവരാജ് പറയുന്നു.

'ഈ പോരാട്ടം രാഷ്ട്രീയ പ്രേരിതമല്ല, സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകള്‍ക്ക് എതിരായത് കൊണ്ടാണ്'. ക്രൈസ്തവ വിഭാഗത്തെ പ്രതിനിധീകരിച്ചെത്തിയ അലക്‌സാണ്ടര്‍ ഫഌമിങ് പറഞ്ഞു.

Tags:    

Similar News