ചിദംബരത്തിനെതിരേ ലുക്ക് ഔട്ട് നോട്ടിസ്; ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ചിദംബരത്തിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസായിരിക്കും പരിഗണിയ്ക്കുക. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ തീരുമാനം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു.

Update: 2019-08-21 05:55 GMT
ന്യൂഡല്‍ഹി: പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് സിബിഐ. മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

അതേസമയം, ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ചിദംബരത്തിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസായിരിക്കും പരിഗണിയ്ക്കുക. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ തീരുമാനം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. ഹര്‍ജി ഉടന്‍ പരിഗണിക്കണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിലവില്‍ അയോധ്യ കേസ് പരിഗണിക്കുകയാണ്. രാജ്യസഭ അംഗമായ ചിദംബരം നിയമ പരിരക്ഷയുള്ള പൗരനാണെന്നും സിബിഐക്ക് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ചിദംബരത്തിന് വേണ്ടി ഹാജരാകുന്നത്.

ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കുന്ന ദില്ലി ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് സിബിഐ നിലപാട് കടുപ്പിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടിസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ചിദംബരത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി എത്തിയ സിബിഐ അറസ്റ്റിനുള്ള നീക്കം വേഗത്തിലാക്കി. ചിദംബരത്തിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയും പിന്നീട് 12 മണിക്കും സബിഐ സംഘം എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജോര്‍ബാഗിലുള്ള വീട്ടില്‍ നോട്ടിസ് പതിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിദംബരത്തെ ചോദ്യം ചെയ്യാനായി സിബിഐ സംഘം രാവിലെ വീണ്ടും ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയാഞ്ഞതോടെ മടങ്ങി.

കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും ചിദംബരമാണെന്നാണ് കേസ്.


Tags:    

Similar News