അനുമതി തേടാതെ ഡിജിറ്റൽ മീഡിയക്കെതിരേ നിർബന്ധിത നടപടി പാടില്ലെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി
കോടതിയുടെ അനുമതി തേടാതെ ഹരജിക്കാർക്കെതിരേ നിർബന്ധിത നടപടിയെടുക്കുന്നതിൽ നിന്ന് കേന്ദ്രത്തിന് നിയന്ത്രണമുണ്ടെന്ന് വാദം കേട്ട ബഞ്ച് പറഞ്ഞു
മദ്രാസ്: ഇന്ത്യൻ ബ്രോഡ്‌കാസ്റ്റേഴ്‌സിലും ഡിജിറ്റൽ മീഡിയ ഫൗണ്ടേഷനിലും അംഗങ്ങളായ ഡിജിറ്റൽ മീഡിയ കമ്പനികൾക്കെതിരേ 2021ലെ പുതിയ ഐടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തങ്ങളുടെ അനുമതി തേടാതെ നിർബന്ധിത നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫൗണ്ടേഷൻ സമർപ്പിച്ച ഹരജിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് പി ഡി ഔദികേശവലു എന്നിവരടങ്ങിയ രണ്ട് ജഡ്ജിമാരുടെ ബെഞ്ചാണ് വാദം കേട്ടത്. കോടതിയുടെ അനുമതി തേടാതെ ഹരജിക്കാർക്കെതിരേ നിർബന്ധിത നടപടിയെടുക്കുന്നതിൽ നിന്ന് കേന്ദ്രത്തിന് നിയന്ത്രണമുണ്ടെന്ന് വാദം കേട്ട ബഞ്ച് പറഞ്ഞു. കേസ് ഇനി 2022 ജനുവരി 25 ന് പരിഗണിക്കും.
ജൂണിൽ, രാജ്യത്തെ ഏറ്റവും വലിയ വാർത്താ മാധ്യമ കമ്പനികളുടെ 13 അംഗ കൂട്ടായ്മയായ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഡിഎൻപിഎ) ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമം, 2021-ന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. .
ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ ഐഇ ഓൺലൈൻ മീഡിയ സർവീസസ്, എബിപി നെറ്റ്‌വർക്ക്, അമർ ഉജാല, ദൈനിക് ഭാസ്‌കർ, എക്‌സ്‌പ്രസ് നെറ്റ്‌വർക്ക്, എച്ച് ടി ഡിജിറ്റൽ സ്ട്രീംസ്, ജാഗരൺ പ്രകാശൻ, ലോക്‌മത് മീഡിയ,എൻഡിടിവി കൺവെർജൻസ്, ടിവി ടുഡേ നെറ്റ്‌വർക്ക്, മലയാള മനോരമ, ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡ്, ഉഷോദയ എന്റർപ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് 2018 ൽ രൂപീകരിച്ച ഡിഎൻപിഎയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ.
ഈ നിയമങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14 , 19 (1) (എ), 19 (1) (ജി) എന്നിവയ്ക്കും അഭിപ്രായ പ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിനും തൊഴിൽ ചെയ്യാനുള്ള അവകാശത്തിനും എതിരാണെന്ന് ഡിഎൻപിഎ വാദിക്കുന്നു.
