നിര്‍ഭയ കേസ്: പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

അതേസമയം, നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി ആരോപിച്ചു

Update: 2020-01-17 12:07 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. രാവിലെ ആറിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് പാട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചു. നേരത്തേ, ജനുവരി 22 ന് തൂക്കിലേറ്റാന്‍ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളില്‍ രണ്ടുപേര്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് നീണ്ടുപോയത്. മുകേഷ് സിങ്, വിനയ്ശര്‍മ എന്നിവരുടെ തിരുത്തല്‍ ഹര്‍ജി ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയതിനെ തുടര്‍ന്ന് ദയാ ഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി ദയാഹര്‍ജി തള്ളിയതോടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവിറക്കുകയായിരുന്നു. ചട്ടം പ്രകാരം ദയാഹര്‍ജി തള്ളി 14 ദിവസം കഴിഞ്ഞു മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂ.

    അതേസമയം, നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി ആരോപിച്ചു. എന്റെ മകളെ ആക്രമിച്ചവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുകയാണ്. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലേ? ഇതുവരെ ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. എന്നാല്‍, ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. 2012ല്‍ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇന്ന് അതേ ആളുകള്‍ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും ആശാദേവി പറഞ്ഞു.




Tags:    

Similar News