സിദ്ദിഖ് കാപ്പന്റെ അന്യായ അറസ്റ്റിനെതിരായ പരാതി: തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-04-04 09:17 GMT

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അന്യായ അറസ്റ്റിനെതിരേ നല്‍കിയ പരാതിയില്‍ തുടര്‍ നടപടി അവസാനിപ്പിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദലിത് പെണ്‍കുട്ടി പീഡനത്തിനിരായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹാത്രാസിലേക്ക് പോകുന്നതിനിടേ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. ജോലിയുടെ ഭാഗമായി യാത്ര ചെയ്ത മാധ്യമ പ്രവര്‍ത്തകനെ യുപി പോലിസിന്റെ അന്യായ നടപടി ചൂണ്ടിക്കാട്ടിയാണ് അഡ്വ. അന്‍സാര്‍ ഇന്‍ഡോരി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് കമ്മീഷന്‍ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തേടിയിരുന്നു.

എന്നാല്‍, പരാതിയിലെ ആരോപണങ്ങള്‍ ശരിവയ്ക്കാന്‍ കഴിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞ് കൊണ്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തുടര്‍ നടപടി അവസാനിപ്പിച്ചത്.

ഹാത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടേയാണ് പത്ര പ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യൂജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. ജാതീയതക്കും വര്‍ഗീയ ആക്രമണത്തിനും പ്രേരിപ്പിച്ചുവെന്നാരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്.

കാപ്പനെതിരായ കേസില്‍ അന്വേഷണം നിയമാനുസൃതമായി നടക്കുന്നതായി ഹാത്രാസ് എസ്പി റിപ്പോര്‍ട്ട് നല്‍കിയതായും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഹാത്രാസിലെ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ ഹാത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ എസ്‌സി / എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ 136/20 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മനുഷ്യവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കാപ്പനെതിരായ പരാതിയിലെ നടപടികള്‍ അവസാനിപ്പിക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

ഹാത്രാസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനേയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും യുപി പോലിസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധുണ്ടെന്ന് ആരോപിച്ചായിരുന്നു അതീകുറഹ്മാന്‍, ആലം, മസൂദ് എന്നിവരെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടി ആര്‍ട്ടിക്കിള്‍ 19 പ്രകാരം മാധ്യ പ്രവര്‍ത്തകന്റെ അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്നും തന്റെ പത്രപ്രവര്‍ത്തന ചുമതല നിറവേറ്റാനുള്ള യാത്രക്കിടേയുള്ള അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും കെയുഡബ്ല്യൂജെ ചൂണ്ടിക്കാട്ടി. അഴിമുഖം ന്യൂസ് പോര്‍ട്ടലിലും മറ്റ് അനേകം മലയാളം പത്രങ്ങളിലും ജോലി ചെയ്തിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍ എന്ന് കെയുഡബ്ല്യുജെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗിക്കും അയച്ച കത്തിലും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News