കര്‍ഷകരുടെ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നതിനിടെ കര്‍ഷക നിയമത്തെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

അതേസമയം കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണൊണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്.

Update: 2020-11-29 09:08 GMT

ന്യൂഡല്‍ഹി: കര്‍ഷകനിയമത്തിനെതിരേ രാജ്യത്തെ കര്‍ഷകരുടെ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നതിനിടെ കര്‍ഷക നിയമത്തെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കിബാത്ത്. പുതിയ നിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുതിയ കര്‍ഷക നിയമം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നു. മറ്റ് സര്‍ക്കാരുകള്‍ ഇത്രയും കാലം തമസ്‌കരിച്ച വര്‍ഷങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാഢമായ ആലോചനകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ നിയമത്തിനു രൂപം നല്‍കിയത്. ഇതോടെ കര്‍ഷകരുടെ മിക്ക തടസ്സങ്ങളും ബുദ്ധിമുട്ടുകളും അവസാനിച്ചിരിക്കുകയാണ്, അവര്‍ക്ക് പുതിയ അവകാശങ്ങളും പുതിയ അവസരങ്ങളുമാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണൊണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഛലോ ഡല്‍ഹി മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇവര്‍. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷോഭം.

Similar News