അത്ഭുതം തീര്‍ക്കാന്‍ കെ മുരളീധരന്റെ മാസ് എന്‍ട്രി; സംഘടനാശേഷിയില്‍ വിശ്വാസമര്‍പ്പിച്ച് ശിവന്‍കുട്ടി

Update: 2021-03-23 15:05 GMT

തിരുവനന്തപുരം: കെ മുരളീധരന്റെ മാസ് എന്‍ട്രിയില്‍, സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ തീപാറും പോരാട്ടം. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും തെരഞ്ഞെടുപ്പ് ഗോദയില്‍ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും എടുത്തു പ്രയോഗിക്കുകയാണ്. സമീപ മണ്ഡലങ്ങളിലെ മുന്നണി പ്രവര്‍ത്തകരും ഇപ്പോള്‍ നേമം മണ്ഡലത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സംഘപരിവാറിനെ നേരിടാന്‍ അവരുടെ മടയില്‍ കെ മുരളീധരന്‍ എത്തിയതോടെ, മുസ്‌ലികള്‍ അടക്കമുള്ള ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ലീഡറുടെ മകന് താരപരിവേഷമാണ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ ഒ രാജഗോപാല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. മണ്ഡല വികസനകാര്യത്തില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും ഒ രാജഗോപാലിന്റേതായിട്ടില്ല. 2016ലെ തിരഞ്ഞെടുപ്പില്‍

നേമം റയില്‍വേ സ്റ്റേഷന്‍ വികസനം ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി വോട്ടര്‍മാര്‍ക്ക് നല്‍യിരുന്നത്. നരേന്ദ്രമോദിയുടെ ഗുജറാത്ത് വികസന മോഡല്‍ പറഞ്ഞും അന്ന് രാജഗോപാല്‍ വോട്ട് തേടിയിരുന്നു. മല്‍സരിക്കുന്ന എല്ലായിടത്തും പരാജയപ്പെട്ടിരുന്ന ഒ രാജഗോപാല്‍ സഹതാപ തരംഗത്തിലാണ് കഴിഞ്ഞ തവണ വിജയം വരിച്ചത്. ആ സഹതാപ വോട്ട് കുമ്മനം പ്രതീക്ഷിക്കുന്നില്ല. നിഷ്പക്ഷ വോട്ടുകള്‍ കുമ്മനത്തിന് ലഭിക്കില്ലെന്ന് ഒ രാജഗോപാല്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഒ രാജഗോപാല്‍ മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതിനാല്‍ ബിജെപി പ്രവര്‍ത്തകരായ വോട്ടര്‍മാരുടെ ഇടയില്‍ തന്നെ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ മാത്രമേ കുമ്മനത്തിന് ലഭിക്കുകയുള്ളൂ എന്നാണ് ബിജെപി വിലയിരുത്തല്‍. മാത്രമല്ല, എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് ഒരു സ്വാധീനവും ഇല്ലാത്ത മണ്ഡലം കൂടിയാണ് നേമം.



 

ഏറെ പ്രതീക്ഷയോടെ, വളരെ മുന്‍പേ പ്രചരണമാരംഭിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി മണ്ഡലം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ വാര്‍ഡുകള്‍ കൂടുതലും ബിജെപിക്ക് ഒപ്പമാണെങ്കിലും മൊത്തം വോട്ടുകള്‍ കണക്കുമ്പോള്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 48491 വോട്ട് നേടിയപ്പോള്‍, ബിജെപി 47792 വോട്ട് ലഭിച്ചു. യുഡിഎഫിന് ലഭിച്ചത് 22607 വോട്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 699 ആണ്. ബിജെപി വിജയിച്ച കോര്‍പറേഷന്‍ വാര്‍ഡുകളില്‍ രണ്ടാമത് എല്‍ഡിഎഫായിരുന്നു. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി വീമ്പിളക്കിയിരുന്നുവെങ്കിലും കോര്‍പറേഷനില്‍ വേണ്ടത്ര മുന്നേറ്റം നടത്താനായില്ല. നേമത്ത് സംഘടനാശേഷിയില്‍ ഒന്നാമത് എല്‍ഡിഎഫ് ആണ്. ബ്രാഞ്ച് തലം മുതല്‍ ശക്തമായ സംഘടന സംവിധാനമാണ് സിപിഎമ്മിന് മണ്ഡലത്തിലുള്ളത്. വീടുകയറിയുള്ള പ്രചാരണത്തിനാണ് എല്‍ഡിഎഫ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സാമുദായ സംഘടനകളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ സിപിഎം തീവ്രശ്രമം നടത്തുന്നുണ്ട്. വിസകനപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ പ്രധാന മുഖ്യ പ്രചരണായുധം. കഴിഞ്ഞ അഞ്ചുകൊല്ലം സിറ്റിങ് എംഎല്‍എ, ഒ രാജഗോപാല്‍ ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനവും മണ്ഡലത്തില്‍ നടത്തിയിട്ടില്ലെന്നാണ് പാര്‍ട്ടി വിമര്‍ശം. നേമത്ത് എല്‍ഡിഎഫിലെ വി ശിവന്‍കുട്ടി മൂന്നാം അങ്കത്തിലാണ്. മുന്‍ എംഎല്‍എ കൂടിയായ വി ശിവന്‍കുട്ടിക്ക് മണ്ഡലപരിചയം, സംഘടന ശേഷി, അഴിമതി മുക്തന്‍, സമുദായങ്ങള്‍ക്ക് സ്വീകാര്യന്‍ എന്നീ അനുകൂല ഘടങ്ങളാണ് മണ്ഡലത്തിലുള്ളത്.





കെ മുരളീധരന്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും എന്ന പ്രഖ്യാപനം വന്നതോടെ തന്നെ മറ്റു രണ്ട് മുന്നണികളും അങ്കലാപ്പിലായി. സംഘടന ശേഷിയില്‍ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ല. ബിജെപിക്കും സിപിഎമ്മിനും താഴെയാണ് കോണ്‍ഗ്രസിന്റെ മണ്ഡലത്തിലെ സംഘടനാസ്വാധീനം. പക്ഷേ, കെ മുരളീധരന്‍ എന്ന ക്രൗഡ് പുള്ളര്‍ മണ്ഡലത്തിന്റെ മുക്കും മൂലകളില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. കെ മുരളീധന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഏറ്റവും പിന്നാക്കം പോയത് കുമ്മനം രാജശേഖരനാണ്. മുരളീധരന്‍ സ്ഥാനാര്‍ഥിയാവുമെന്ന കേട്ടതോടെ തന്നെ, കുമ്മനത്തെ നേമത്ത് നിന്ന് മാറ്റാന്‍ വരെ ബിജെപി നേതൃത്വം ആലോചിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകന്‍ എന്നതിലുപരി, താരപരിവേഷമാണ് കെ മുരളീധരന് നേമത്തിലുള്ളത്. പ്രത്യേകിച്ച് 40000 വോട്ടുള്ള ന്യൂനപക്ഷ കേന്ദ്രങ്ങളില്‍. മണ്ഡലത്തിലെ എല്ലായിടത്തും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ് യുഡിഎഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ 46472 വോട്ടാണ് നേമം മണ്ഡലത്തില്‍ ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് 12041 വോട്ടിന്റെ ലീഡ്. ഈ 12041 വോട്ടാണ് കെ മുരളീധരന്‍ അധികമായി ഈ മണ്ഡലത്തില്‍ നിന്ന് ഇനി ലഭിക്കേണ്ടത്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്് ദയനീയ പരാജയമായിരുന്നു. എന്നാല്‍ ആ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും അപ്രധാനമായ ഘടകകക്ഷികളാണ് മല്‍സരിച്ചിരുന്നത്. നായര്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മുസ്‌ലിം വോട്ട് ആര്‍ക്ക് ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് നേമത്തിന്റെ ജയപരാജയം നിര്‍ണയിക്കുക. കെ മുരളീധരന് അകൂലമായാണ് ന്യൂനപക്ഷവോട്ടുകള്‍ തിരിയുന്നത്. കെ മുരളീധരന്‍ ചിത്രത്തിലില്ലായിരുന്ന ഘട്ടത്തില്‍ ശിവന്‍കുട്ടിക്കായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്‍തുണ. മുരളീധന്‍ കളത്തിലിറങ്ങിയതോടെ മണ്ഡലത്തിന്റെ മനസ്സില്‍ വലിയ മാറ്റം വന്നു. എന്‍എസ്എസ്,വിവിധ മുസലിം സംഘടകള്‍ കെ മുരളീധരന് അനുകൂലമായി നീങ്ങുന്നു എന്നാണ് വിവരം.

ഏറെ പ്രതീക്ഷയോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ താമസം തുടങ്ങിയത്. കണക്കുകളില്‍ കുമ്മനത്തിനായിരുന്നു മുന്‍തൂക്കം. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ കൂടുതലും ബിജെപിക്കൊപ്പമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും കുമ്മനത്തിനായിരുന്നു നേമത്ത് മേല്‍ക്കൈ. കോര്‍പറേഷനിലെ ആകെയുള്ള 21 മണ്ഡങ്ങളില്‍ 11 വാര്‍ഡുകള്‍ ബിജെപിക്കാണ് ലഭിച്ചാണ്്. ഈ കണക്കിലും ലോക്‌സഭയിലെ 12041 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് ബിജെപി കണ്ണുവയ്ക്കുന്നത്. കെ മുരളീധരന്റെ വരവോടെ, കുമ്മനം പ്രതീക്ഷവച്ചിരുന്ന നായര്‍വോട്ടുകളില്‍ വിള്ളല്‍ വഴുമെന്ന് വന്നതോടെ കുമ്മനം കാംപ് മഌനമാണ്. എന്‍ഡിഎയുടെ ഏക സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍, നേതാക്കള്‍ പെടാപാടിലാണ്.

Tags:    

Similar News