'നമസ്‌തെ ട്രംപ്' വേദിയായ അഹമ്മദാബദില്‍ കൊറോണ വ്യാപിക്കുന്നു; മെയ് അവസാനത്തോടെ എട്ട് ലക്ഷം വരേയാകാമെന്ന് മുന്‍സിപ്പല്‍ കമ്മീഷ്ണര്‍

അഹമ്മദാബാദ് സിറ്റിയില്‍ ഫെബ്രുവരി 24 നടന്ന 'നമസ്‌തേ ട്രാംപ്' പരിപാടിക്ക് ശേഷമാണ് വൈറസ് വ്യാപിച്ചതെന്ന് ടിഡിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'നമസ്‌തെ ട്രംപ്' പരിപാടിയില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

Update: 2020-04-28 15:54 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രക്ക് സമാനമായി ഗുജറാത്തിലും വൈറസ് വ്യാപിക്കുന്നു. ചൊവ്വാഴ്ച്ച വരെ 3,548 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 162 പേര്‍ മരിച്ചു. ഗുജറാത്തിലെ മറ്റുമേഖലകളെ അപേക്ഷിച്ച് അഹമ്മദാബാദിലാണ് വൈറസ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്. 2378 കേസുകളാണ് അഹമ്മദാബാദില്‍ മാത്രം സ്ഥിരീകരിച്ചത്. ഓരോ ദിവസവും വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

നാല് ദിവസം തോറും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണെന്ന് വൈറസ് വ്യാപനം വിലയിരുത്തിക്കൊണ്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ പറഞ്ഞു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ മെയ് 15 ഓടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷം ആകുമെന്നും മെയ് 31 ഓടെ എട്ട് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസത്തിനുള്ളില്‍ രോഗം നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും ഭരണകൂടവും. എന്നാല്‍, വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമെ ഇത് സാധ്യമായിട്ടുള്ളൂവെന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഹമ്മദാബാദ് സിറ്റിയില്‍ ഫെബ്രുവരി 24 നടന്ന 'നമസ്‌തേ ട്രാംപ്' പരിപാടിക്ക് ശേഷമാണ് വൈറസ് വ്യാപിച്ചതെന്ന് ടിഡിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'നമസ്‌തെ ട്രംപ്' പരിപാടിയില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഇതില്‍ 5000 പേര്‍ വിദേശ പ്രതിനിധികള്‍ ആയിരുന്നെന്നും ഇവരില്‍ ഭൂരിപക്ഷം പേരും അമേരിക്കയില്‍ നിന്നുള്ള ഇന്ത്യക്കാരായിരുന്നെന്നും ടിഡിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags:    

Similar News