തുടര്‍ഭരണത്തിന് തിരിച്ചടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കാലത്ത് നാമജപ യാത്രയുമായി എന്‍എസ്എസ്; പ്രതിരോധിക്കാനാവാതെ എല്‍ഡിഎഫ്

Update: 2021-03-19 14:32 GMT

തിരുവനന്തപുരം: ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തിരുഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തില്‍ നാമജപ യാത്രയുമായി എന്‍എസ്എസ്. ശബരിമല സ്ത്രീപ്രവേശം ഉയര്‍ത്തി തലസ്ഥാനത്ത് ഇന്ന് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വമ്പിച്ച നാമജപ യാത്ര നടത്തി. ഇന്നലെ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും എന്‍എസ്എസ് നേതൃത്വത്തില്‍ നാമജപ ഘോഷയാത്രകള്‍ നടത്തുമെന്നാണ് വിവരം. ശബരിമല യുവതീപ്രവേശം വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും സുപ്രീംകോടതി വിശാല ബഞ്ചിന് മുന്‍പില്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കുകയാണ് വകുപ്പ് മന്ത്രി ചെയ്യേണ്ടതെന്നും കഴിഞ്ഞ ദിവസം എന്‍എസ്എസ് അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി കടകംപള്ളി ഖേദം പ്രകടിപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക്് മുന്‍പ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമലയില്‍ സംഭവിച്ചത് എല്ലാവരെയും ദുഖിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലിംഗസമത്വമാണ് പാര്‍ട്ടി നിലപാടെന്ന് ആവര്‍ത്തിച്ചു. ഈ പ്രസ്താവനകളിലെ വൈരുദ്ധ്യമാണ് എന്‍എസ്എസും പ്രതിപക്ഷവും ഇപ്പോള്‍ ആയുധമാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എന്‍എസ്എസ് ശബരിമല വിഷയം ഉയര്‍ത്തി നാമജപ ഘോഷയാത്രകള്‍ നടത്താന്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ് എന്‍എസ്എസ് ഇപ്പോള്‍ നാമജപ യാത്രയുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് ആക്ഷേപം. പ്രതിപക്ഷത്തിന്റെ ഉപകരണമായി, ഇടതു സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് എന്‍എസ്എസ് ഉദ്ദേശിക്കുന്നത്.

യുഡിഎഫും എന്‍ഡിഎയും ഈ തിരഞ്ഞെടുപ്പില്‍ പ്രാദേശികമായി ഉള്‍പ്പെടെ പ്രചരണായുധമാക്കുന്നത് ശബരിമല വിഷയമാണ്്. പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഈ വിഷയം സജീവ ചര്‍ച്ചയാണ്. എന്നാല്‍ ഇടതുപക്ഷം പ്രത്യേകിച്ച്, മുഖ്യമന്ത്രി ഏറെ കരുതലോടെയാണ് ശബരിമല വിഷയത്തെ സമീപിക്കുന്നത്. കോടതി വിധി വരട്ടെ അപ്പോള്‍ ചര്‍ച്ച ചെയ്യാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിപ്പുറത്തേക്ക് മുഖ്യമന്ത്രി ഇവ്വിഷയത്തെ കുറിച്ച് കൂടുതലായി ഒന്നും പ്രതികരിക്കുന്നില്ല. ശബരിമല നിലപാടാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇടതു പരാജയത്തിന് കാരണമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേയറ്റില്‍, യുവതീപ്രവേശത്തിന് അനുകൂലമായ മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനമുണ്ടായി. അതിനാല്‍ തന്നെ സിപിഎമ്മിന്റെ പഴയ പരസ്യനിലപാട് ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പോലും ധൈര്യപ്പെടുന്നില്ല. എന്നാല്‍ ഇപ്പോള്‍, സുപ്രിംകോടതി പരിഗണനയിലിരിക്കുന്ന കേസില്‍, തിരഞ്ഞെടുപ്പ് വേളയില്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് എന്‍എസ്എസ് നാമജപ യാത്രയുമായി രംഗത്തെത്തിയിരിക്കുന്നത്.

Tags: