തമിഴ്‌നാട്ടില്‍ ദീര്‍ഘകാലമായി ജയിലില്‍ കഴിഞ്ഞവരെ മോചിപ്പിക്കുന്ന പട്ടികയില്‍ മുസ് ലിംകളില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മുസ് ലിം സംഘടനകള്‍
ചെന്നൈ: ദീര്‍ഘകാലമായി ജയില്‍വാസമനുഷ്ഠിക്കന്നവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പട്ടികയില്‍ നിന്ന് മുസ് ലിംകളെ ഒഴിവാക്കിയതായി പരാതി. സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 23 മുസ് ലിം സംഘടനകള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് പരാതി നല്‍കി. 22-26 വര്‍ഷമായി തടവില്‍ കഴിയുന്ന 38 മുസ് ലിംകളുടെ കേസുകള്‍ പുനപ്പരിശോധിക്കണമെന്നാണ് ആവശ്യം. അതില്‍ 17 പേര്‍ 1998ലെ കോയമ്പത്തൂര്‍ സീരിയല്‍ സ്‌ഫോടനക്കേസിലെ പ്രതികളാണ്.
മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ ജന്മദിനത്തോടനുബന്ധിച്ച് 700ഓളം തടവുകാരെവകുകാരെ ശിക്ഷാകാലാവധി പൂര്‍ത്തിയാവുംമുമ്പ് വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്ന സാഹചര്യത്തിലാണ് മുസ് ലിം സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചത്.
വിട്ടയക്കാനുള്ളവരുടെ പട്ടികയില്‍ മുസ് ലിംകളെ പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം. സപ്തംബര്‍ 15നാണ് സര്‍ക്കാര്‍ തടവുകാരെ വിട്ടയച്ചത്.
ചുരുങ്ങിയത് പത്ത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഭരണഘടനയുടെ അനുച്ഛദം 161 അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് തടവ്കാരെ വിട്ടയക്കാന്‍ അധികാരമുണ്ട്. അങ്ങനെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 17 അയോഗ്യതാമാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരുന്നു. അതനുസരിച്ച് വര്‍ഗീയ മത കലാപങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശിക്ഷാകാലാവധിക്കുമുമ്പ് ഇളവ് ലഭിക്കില്ല.
തമിഴ്‌നാട് മുസ് ലിം മുന്നേറ്റ കഴകത്തിന്റെ നേതാവ് എം എച്ച് ജവാഹിറുള്ള പറയുന്നതനുസരിച്ച് കഴിഞ്ഞ 10 വര്‍ഷമായി പല കോടതികളും വിട്ടയക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഒരു മുസ് ലിമിനെപ്പോലെ മോചിപ്പിച്ചിട്ടില്ല. പലരും തങ്ങളുടെ യുവത്വം മുഴുവന്‍ പരോള്‍ പോലും ലഭിക്കാതെ ജയിലറയ്ക്കുള്ളിലാണ്. 20 തടവുകാര്‍ മോചനത്തിന് യോഗ്യരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും അവര്‍ 20 വര്‍ഷമായി ജയിലിലാണ്.
2008ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ 1,400 പേരെ വിട്ടയച്ചു. അതില്‍ ഒരു മുസ് ലിം പോലും ഇല്ലായിരുന്നു. 2018ല്‍ മുന്‍മുഖ്യന്ത്രി എം ജി രാമചന്ദ്രന്റെ ജന്മദിനത്തില്‍ 1627 പേരെ വിട്ടയച്ചു, അതിലും ഒരാളും മുസ് ലിമായിരുന്നില്ല. 2021ല്‍ 700 പേരെ വിട്ടയച്ചു. അവിടെയും കനത്ത വിവേചനമാണ് മുസ് ലിംകള്‍ നേരിട്ടത്.
'തമിഴ്‌നാട്ടില്‍ മുസ് ലിം തടവുകാര്‍ വലിയ വിവേചനം നേരിടുന്നു. 2008 ലും 2018 ലും 2021 ലും ഒരു മുസ് ലിം ജീവപര്യന്തം തടവുകാരനെപ്പോലും മോചിപ്പിച്ചിട്ടില്ല. 2008ല്‍ മുസ് ലിം രാഷ്ട്രീയക്കാര്‍ ഈ വിഷയം ഉന്നയിച്ചു, തുടര്‍ന്ന് 2010ല്‍ 10 മുസ് ലിം തടവുകാരെ വിട്ടയച്ചു, എന്നാല്‍ അന്ന് വിട്ടയച്ച തടവുകാര്‍ ശിക്ഷാകാലാവധി അവസാനിക്കാന്‍ പോകുന്നവരായിരുന്നു. സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രം''എം എച്ച് ജവാഹിറുള്ള പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ജയില്‍ ഉപദേശക സമിതി ഉണ്ടാക്കിയിട്ടുണ്ട്. 14 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ ആ ഉപദേശ സമിതി നിര്‍ദേശിച്ചു. ജയില്‍ മാന്വല്‍ അനുസരിച്ച് 65 വയസ്സിനു മുകളില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ വിട്ടയക്കാവുന്നതാണ്. 3 വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കഴഞ്ഞാല്‍ 15 ദിവസം എസ്‌കോര്‍ട്ടില്ലാത്ത പരോള്‍ ലഭിക്കണം. ഇതൊക്കെ മുസ് ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്നു. 10-15 വര്‍ഷമാണ് പരാതികള്‍ തെളിയിക്കപ്പെടാതെ മുസ് ലിംകള്‍ ജയിലില്‍ കഴിയേണ്ടിവരുന്നത്. തമിഴ്‌നാട്ടില്‍ 6 ശതമാനമാണ് മുസ് ലിംകള്‍. പക്ഷേ, തടവുകാര്‍ 17 ശതമാനമാണ്. വിചാരണത്തടവകരില്‍ 16 ശതമാനവും മുസ് ലിംകളാണ്.

