പൗരത്വ നിയമം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി

സിഎഎയ്‌ക്കെതിരേ നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്

Update: 2020-01-16 05:42 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍. പൗരത്വ നിയമം തയ്യാറാക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലീഗ് കോടതിയില്‍ ഹരജി നല്‍കിയത്. എന്‍ആര്‍സിയും എന്‍പിആറും തമ്മില്‍ ബന്ധമുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്നും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് ഉണ്ടാവണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു. അഭിഭാഷകനായ ഹാരിസ് ബീരാനാണ് ലീഗിന് വേണ്ടി ഹര്‍ജി നല്‍കിയത്.

    ജനുവരി 10നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. ഇതിനു തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൗരത്വം നല്‍കേണ്ട 40000ത്തോളം പേരുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സുപ്രിംകോടതി തീരുമാനം വരുന്നത് വരെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും നടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചിട്ടുണ്ട്. സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. സിഎഎയ്‌ക്കെതിരേ നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഹരജികള്‍ കോടതി ജനുവരി 22ന് പരിഗണിക്കും. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹര്‍ജികള്‍.

Tags:    

Similar News