മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം: മരണം 18 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Update: 2022-06-28 14:41 GMT

മുംബൈ: ഇന്നലെ രാത്രി മുംബൈയിലെ കുര്‍ള ഈസ്റ്റില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 18 ആയി. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുര്‍ള ഈസ്റ്റ്, നായിക് നഗറിലാണ് അപകടം നടന്നത്. അഗ്‌നിശമന സേനയും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പരിക്കേറ്റവരെ രാജവാഡി, സിയോണ്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സയും ഏര്‍പ്പാടാക്കി. അജയ് പാസ്‌പോര്‍ (28), കിഷോര്‍ പ്രജാപതി (20), സിക്കന്ദര്‍ രാജ്ഭര്‍ (21), അരവിന്ദ് രാജേന്ദ്ര ഭാരതി (19), അനുപ് രാജ്ഭര്‍ (18), അനില്‍ യാദവ് (21), ശ്യാം പ്രജാപതി (18), അജിങ്ക്യ, ഗെയ്ക്‌വാദ് (34), ലീലാഭായ് ഗെയ്ക്‌വാദ് (60), രമേഷ് ബദിയ (50), പ്രഹ്ലാദ് ഗെയ്ക്‌വാദ് (65), ഗുഡ്ഡു പാസ്‌പോര്‍ (22) എന്നിവരാണ് മരിച്ചത്. 30ഉം 35ഉം വയസ്സുള്ള അജ്ഞാതരായ രണ്ടുപേരും മരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ രമേശിന്റെ ഭാര്യയെയും മകനെയും പരിക്കേറ്റ നിലയില്‍ കണ്ടെത്തി, അവരുടെ നില ഇപ്പോള്‍ തൃപ്തികരമാണ്.

മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെ, സ്ഥിതിഗതികള്‍ അറിയാന്‍ ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലം സന്ദര്‍ശിച്ചതായി ട്വിറ്ററില്‍ കുറിച്ചു.

പുലര്‍ച്ചെ രണ്ട് മണിക്ക് സ്ഥലം സന്ദര്‍ശിച്ചെന്നും 13 പേരെ രക്ഷപ്പെടുത്തിയെന്നും കെട്ടിടാവശിഷ്ടങ്ങളില്‍ 15 പേരോളം കുടുങ്ങിയിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ആദിത്യ താക്കറെ ട്വിറ്ററില്‍ കുറിച്ചു.

കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പ്രാദേശിക കോര്‍പ്പറേറ്റര്‍ പ്രവിണ മൊറാജ്കര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ഈ വര്‍ഷത്തെ ആദ്യത്തെ കനത്ത മഴ മുംബൈയില്‍ പെയ്തതിന് പിന്നാലെ രാത്രി 11.50 നായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തകരാന്‍ സാധ്യതയുള്ള നാല് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.

അഞ്ചോ ആറോ വര്‍ഷം മുമ്പ് അവര്‍ക്ക് ഒഴിയാന്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ഒഴിയാന്‍ കൂട്ടാക്കാത്തവര്‍ താമസം തുടരുകയായിരുന്നു. ' കൗണ്‍സിലര്‍ പ്രവിന മൊറാജ്കര്‍ പറഞ്ഞു.

എസ്ടി ഡിപ്പോയ്ക്ക് പിന്നില്‍ ശിവശ്രുതി റോഡിലെ നായിക് നഗര്‍ സൊസൈറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് പ്ലസ് നാല് നിലകളുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇത് പൊതുസ്ഥാലത്താണ് പണിതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തകര്‍ന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള മൂന്നാല് കെട്ടിടങ്ങളും ഏപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണ്. ഏറെ പഴക്കം ചെന്നതാണ് കെട്ടിടങ്ങളെല്ലാം. ബാക്കിയുള്ള മൂന്ന് കെട്ടിടങ്ങളിലെയും വാടകക്കാരോട് ഇന്ന് തന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൊറാജ്കര്‍ പറഞ്ഞു.

Tags:    

Similar News