മധ്യപ്രദേശിലും 'ലൗ ജിഹാദ്' നിയമം; നിര്‍ബന്ധിത മതംമാറ്റത്തിന് അഞ്ചു വര്‍ഷം തടവ്; എസ്‌സി, എസ്ടി കേസുകളില്‍ ശിക്ഷ ഇരട്ടിയാകും

വിവാഹത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മതം മാറ്റുന്നത് ജയില്‍ ശിക്ഷയടക്കം ലഭിക്കുന്ന കുറ്റമായി മാറ്റിയാണ് പുതിയ ബില്‍. നിര്‍ബന്ധിത മതംമാറ്റത്തിന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും കുറഞ്ഞത് 25,000 രൂപ പിഴയും ചുമത്തുന്നതാണ് നിര്‍ദിഷ്ട നിയമം.

Update: 2020-12-26 09:28 GMT

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനു പിന്നാലെ 'ലൗ ജിഹാദ'് തടയാനെന്ന പേരില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് പുതിയ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും. ഈ മാസം 28ന് ആരംഭിക്കുന്ന ത്രിദിന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അധ്യക്ഷത വഹിച്ച പ്രത്യേക യോഗത്തില്‍ മധ്യപ്രദേശ് റിലീജിയസ് ഫ്രീഡം ബില്ല് 2020ന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. വിവാഹത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മതം മാറ്റുന്നത് ജയില്‍ ശിക്ഷയടക്കം ലഭിക്കുന്ന കുറ്റമായി മാറ്റിയാണ് പുതിയ ബില്‍. നിര്‍ബന്ധിത മതംമാറ്റത്തിന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും കുറഞ്ഞത് 25,000 രൂപ പിഴയും ചുമത്തുന്നതാണ് നിര്‍ദിഷ്ട നിയമം. എസ്‌സി, എസ്ടി വിഭാഗത്തില്‍ പെട്ടവരെയാണ് മതംമാറ്റത്തിന് വിധേയമാക്കുന്നതെങ്കില്‍ ശിക്ഷ ഇരട്ടിയാവും

'മധ്യ പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം അനുവദിക്കില്ല. പുതിയ ബില്ലിന് കീഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയും മതപരിവര്‍ത്തനം നടത്തുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു'.

പ്രായപൂര്‍ത്തിയാവാത്തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. നിര്‍ദിഷ്ട നിയമ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത സ്ത്രീയെ അല്ലെങ്കില്‍ പട്ടികജാതിയില്‍ നിന്നുള്ള ഒരു വ്യക്തിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും കുറഞ്ഞത് 50,000 രൂപ പിഴയും ഈടാക്കുമെന്നും മിശ്ര പറഞ്ഞു. 'ലൗ ജിഹാദ്' അടക്കമുള്ള മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശക്തമായ നിയമാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

1968ലെ റിലീജിയസ് ഫ്രീഡം ആക്ടിന് പകരമാണ് പുതിയ ബില്‍. മന്ത്രിസഭ അംഗീകരിച്ച ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കും.

ഒരു വ്യക്തിയെ മതം മാറ്റുന്നതിന് മാത്രമായി നടത്തുന്ന ഏതൊരു വിവാഹവും ഈ നിര്‍ദ്ദിഷ്ട നിയമ നിര്‍മാണത്തിലെ വ്യവസ്ഥകള്‍ പ്രകാരം അസാധുവായി കണക്കാക്കും. മതം മാറാന്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുമ്പ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ അപേക്ഷിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സമാനതരത്തില്‍ യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ലൗജിഹാദ് നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മധ്യപ്രദേശും സമാനനിയമവുമായി മുന്നോട്ട് വരുന്നത്.

Tags:    

Similar News