കള്ളപ്പണം: ബിജെപി നേതാക്കളെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുക: എസ്ഡിപിഐ

കൊടകരയില്‍ തട്ടിയെടുത്തത് കള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രമാണ്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാക്കളുള്‍പ്പെടെ പിടിയിലാകുമെന്ന ഭയംമൂലമാണ് വ്യാജപ്രതികളെ സൃഷ്ടിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

Update: 2021-06-08 13:17 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കോടികളുടെ കള്ളപ്പണമൊഴുക്കിയ കേസില്‍ ബിജെപി നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് ജൂണ്‍ 11 ന് (വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടക വഴി സംസ്ഥാനത്തേക്ക് കോടികളാണ് എത്തിച്ചത്. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മല്‍സരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്തതായി സ്ഥാനാര്‍ത്ഥി തന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. കൂടാതെ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവരുന്നുണ്ട്. സംസ്ഥാനത്ത് കേട്ടുകേള്‍വി പോലുമില്ലാത്തവിധമാണ് കള്ളപ്പണമുപയോഗിച്ചുള്ള വഴിവിട്ട പ്രവര്‍ത്തനം ബിജെപി നടത്തിയത്.

കൊടകരയില്‍ തട്ടിയെടുത്തത് കള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രമാണ്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാക്കളുള്‍പ്പെടെ പിടിയിലാകുമെന്ന ഭയംമൂലമാണ് വ്യാജപ്രതികളെ സൃഷ്ടിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണമൊഴുക്കി രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ തകര്‍ക്കാന്‍ ശ്രമിച്ച കപട ദേശീയവാദികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം.

ഇത്രയും ഗുരുതരമായ കേസില്‍ പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താനോ കേസ് ഇഡി അന്വേഷിക്കാനോ തയ്യാറാവാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ്. കേന്ദ്രസര്‍ക്കാരിന്റെയോ ബിജെപി നേതാക്കളുടെയോ ഭീഷണിക്കുവഴങ്ങാതെ സമഗ്രവും കാര്യക്ഷമമവുമായ അന്വേഷണത്തിലൂടെ ബിജെപിയുടെ കള്ളപ്പണ ലോബികളായ നേതാക്കളെ കൈയാമം വെച്ച് തടവിലാക്കാന്‍ ഇടതുസര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.