ന്യൂനപക്ഷ ക്ഷേമ പദ്ധതി: 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി

ജനസംഖ്യാനുപാതികമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്

Update: 2021-05-28 12:16 GMT

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ജസ്റ്റിന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിധിയുണ്ടായത്.

ജനസംഖ്യാനുപാതികമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്.സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

മുസ്ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ-സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് ചെയ്ത സച്ചാര്‍ കമ്മിറ്റിയുടേയും പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയും സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2011 ലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് നൂറുശതമാനവും മുസ്ലിംകള്‍ക്ക് നല്‍കാതെ സഹോദര ന്യൂനപക്ഷ സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ വരുന്ന ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നിവര്‍ക്ക്കൂടി 20 ശതമാനം നീക്കിവക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് 2011 ഫെബ്രുവരി രണ്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവയുടെ 20% മേല്‍ വിവരിച്ച പിന്നോക്ക ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനുകൂടി നല്‍കണമെന്നായിരുന്നു ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നത്

Tags: