മിന പൂര്‍ണസജ്ജം; വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കം

ആഷിക്ക് ഒറ്റപ്പാലം

Update: 2020-07-28 11:07 GMT

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാവും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരം തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് ഇക്കുറി ഹജ്ജിനു അവസരം ലഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. അല്ലാഹുവിന്റെ അതിഥികളെ വരവേല്‍ക്കാന്‍ മക്കയും പരിസരങ്ങളുമെല്ലാം പൂര്‍ണസജ്ജമായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹജ്ജാജിമാര്‍ മക്കയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ നാളെ മിനയിലേക്ക് പുറപ്പെടും. അതിനു മുമ്പായി കര്‍നല്‍ മനാസില്‍ എന്ന മീക്കാത്തില്‍(അതിര്‍ത്തി) പോയി ഇഹ്‌റാം ചെയ്യും. തീര്‍ത്ഥാടകര്‍ മക്കയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഹജ്ജിനും ഉംറയ്ക്കും ഇഹ്‌റാം ചെയ്യുന്ന അഥവാ അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന സ്ഥലങ്ങളാണ് മീക്കാത്ത് എന്നറിയപ്പെടുന്നത്.

    


സാധാരണയായി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇഹ്‌റാം ചെയ്യാന്‍ അഞ്ചു മീക്കാത്തുകളാണുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് എല്ലാവരും ഒരു മീക്കാത്തില്‍ നിന്ന് ഇഹ്‌റാം ചെയ്യുന്നത്. മക്കയുടെ പുറത്ത് നിന്നെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അഞ്ചു മീകാത്തുകളുണ്ട്. ഈ മീകാത്തുകളില്‍ വച്ചോ മക്കയില്‍ എത്തുന്നതിനു മുമ്പോ കുളിച്ച് പ്രത്യേക വസ്ത്രം ധരിച്ച് നമസ്‌കാരം തുടങ്ങി കര്‍മങ്ങളിലേക്ക് കടക്കുകയാണു ചെയ്യുക.

     


മിനായിലേക്കും ഹറമിലേക്കു ഹാജിമാര്‍ക്ക് താമസിക്കാനുള്ള ടണലുകളും വഴികളും സൗദി ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ പൂര്‍ണമായും അണുവിമുക്തമാക്കി. അറഫാദിനം കഴിഞ്ഞ് കഅബയ്ക്കരികിലേക്ക് ഹാജിമാര്‍ തവാഫിനെത്തും. ഇതുകഴിഞ്ഞാണ് മിനായിലേക്ക് മടങ്ങേണ്ടത്. മിനായിലേക്കുള്ള എളുപ്പവഴികളാണ് ടണലുകള്‍. ഇവിടുത്തെ അവസാന അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. ടണല്‍ വഴി ഇനി മറ്റു വാഹനങ്ങള്‍ അനുവദിക്കില്ല. ഹാജിമാര്‍ക്കു മാത്രമാണ് ഇതുവഴി സഞ്ചരിക്കാനാവുക. 

Mina fully equipped; The holy Hajj begins tomorrow

Tags:    

Similar News