മരിക്കാത്ത ഓര്‍മ്മകള്‍; റമദാനിലെ അവസാന വെള്ളിയില്‍ പൊലിഞ്ഞത് 42 ജീവനുകള്‍; മെയ് 22 -ഹാഷിംപുര മുസ് ലിം കൂട്ടക്കൊലയ്ക്ക് 38 വര്‍ഷം
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലയായിരുന്നു ഹാഷിംപുര മുസ് ലിം കൂട്ടക്കൊല. പരിശുദ്ധ റമദാന്‍ മാസത്തില്‍ ആയിരുന്നു ആ കൂട്ടക്കൊല നടന്നത്. 1987 മെയ് 22. ഇന്നേക്ക് 38 വര്‍ഷം. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഹാഷിംപുരയില്‍ പോലിസിന്റെ വെടിക്ക്മുന്നില്‍ പൊലിഞ്ഞത് 41 മുസ് ലിം ചെറുപ്പക്കാര്‍. റമദാനിലെ അവസാന വെള്ളിയായിരുന്നു ആ ദിനം. ഉത്തര്‍പ്രദേശിലെ പോലിസ് സേനയായ പിഎസിയുടെ ക്രൂരനടപടിക്ക് മുന്നിലാണ് ആ ജീവനുകള്‍ നഷ്ടമായത്. കോണ്‍ഗ്രസ് നേതാവ് വീര്‍ബഹാദൂര്‍ സിങ് ഭരിക്കുമ്പോഴാണ് ഉത്തര്‍പ്രദേശില്‍ ഈ ക്രൂരനടപടി നടക്കുന്നത്.
ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ ബാബരി മസ്ജിദ് തുറന്നുകൊടുക്കാനുള്ള അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് മീററ്റിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് പിഎസി സേന ഹാഷിംപുരയിലെത്തിയത്. ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചകാലം.
ഹിന്ദു ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കോളനികളില്‍ ഒന്ന് മുസ്ലിങ്ങള്‍ തകര്‍ത്തുവെന്ന നുണപ്രചാരണത്തിന് പിന്നാലെ കലാപം കത്തിപ്പടര്‍ന്നു. മീറത്ത് നഗരത്തിന്റെ നിയന്ത്രണം പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്ന അര്‍ധ സൈനിക വിഭാഗത്തെ ഏല്‍പ്പിച്ചു.324 പേരെയാണ് ഹാഷിംപുരയില്‍ നിന്ന് പിഎസി കസ്റ്റഡിയിലെടുത്തത്.
ഇതില്‍ 42 മുസ്ലിം യുവാക്കളെ ഉത്തര്‍പ്രദേശ് അര്‍ധ സൈനിക വിഭാഗമായ പിഎസി ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന് നദിയില്‍ തള്ളുകയായിരുന്നു.ഭരണനേതൃത്വത്തിലെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാഷിംപുരയില്‍ കൂട്ടക്കുരുതി നടത്തിയതെന്ന് പിന്നീട് തെളിയുകയായിരുന്നു. 45ഓളം പേരെയാണ് പോലിസ് സ്റ്റേഷിനിലേക്ക് കൊണ്ടുപോകുന്നതിനു പകരം മുറാദ് നഗറിലെ അപ്പര്‍ ഗംഗാ കനാലിന്റെ പരിസരത്തേക്ക് കൊണ്ടുപോയി നിരത്തി നിര്‍ത്തി വെടിവച്ചു വീഴ്ത്തിയത്. ഇതി്ല്‍ ചിലര്‍ രക്ഷപ്പെട്ടു. അന്ന് പട്ടാളം പിടിച്ചിറക്കികൊണ്ടുപോയ 24 പേരെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല.
രക്ഷപ്പെട്ടവരില്‍ പതിനഞ്ചുവയസ്സുകാരനായ സുല്‍ഫിക്കര്‍ നസീറും ഉണ്ടായിരുന്നു. പോലിസുകാരന്‍ നെഞ്ചിലേക്കു വച്ച വെടി തോളിന് കണ്ടതോടെയാണ് സുള്‍ഫിക്കര്‍ രക്ഷപ്പെട്ടത്. മരിച്ചതു പോലെ കിടന്നു. തുടര്‍ന്ന് കേസ് നടത്തിപ്പിനു വേണ്ടിയും പ്രതികളെ ശിക്ഷിക്കുന്നതിനു വേണ്ടിയും ആദ്യാവസാനം നടന്നത് സുല്‍ഫിക്കറിന്റേ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
നീതിക്കു വേണ്ടി ഇരകളുടെ ബന്ധുക്കള്‍ നടത്തിയ നിരന്തരമായ ശ്രമങ്ങളെ തുടര്‍ന്ന് 31 വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ചില പ്രതികള്‍ മരിച്ചിരുന്നു. മറ്റ് ചിലര്‍ രോഗശയ്യയിലും. ശേഷിക്കുന്ന കൊലയാളികള്‍ വിരമിച്ച് പെന്‍ഷന്‍ വാങ്ങി കഴിയുകയുമായിരുന്നു.ആധുനിക ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും മുസ് ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ലെന്നതിന്റെ നേര്‍തെളിവാണ് ഹാഷിംപുര കൂട്ടക്കൊല.

