കമ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിന്‍ കൊന്നൊടുക്കിയ ആയിരങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

Update: 2021-08-27 06:28 GMT

കീവ്: സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകൂടം കൊന്നൊടുക്കിയവരുടെതെന്ന് കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. സോവിയറ്റ് യൂനിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്‌നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937- 39 കാലത്തു കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതല്‍ 8000 വരെ ആളുകളുടെ അസ്ഥികള്‍ കണ്ടെത്തിയത്. യുക്രെയ്‌നില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്.


സോവിയറ്റ് യൂണിയന്റെ രഹസ്യ പോലിസ് വിഭാഗം കൊന്നൊടുക്കിയവരുടേതാണ് അസ്ഥികളെന്നു കരുതുന്നതായി യുക്രെയ്ന്‍ നാഷനല്‍ മെമറി ഇന്‍സ്റ്റിറ്റിയൂട്ട് പ്രാദേശിക മേധാവി സെര്‍ഗി ഗുട്‌സാല്യുക് പറഞ്ഞു. സ്റ്റാലിന്റെ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ സേനാവിഭാഗമാണ് എന്‍കെവിഡി എന്ന രഹസ്യ പോലിസ്.

വിമാനത്താവള വികസനത്തിനു മണ്ണു നീക്കിയപ്പോഴാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഖനനം തുടരുന്നതിനാല്‍ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മുന്‍പും ഈ ഭാഗത്ത് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു.


1924 മുതല്‍ 1953 വരെ സോവിയറ്റ് ഭരണാധികാരിയായിരുന്ന സ്റ്റാലിന്‍, ഗുലാഗ് എന്നറിയപ്പെട്ട ലേബര്‍ ക്യാംപുകളിലും അല്ലാതെയുമായി 15 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണു കണക്ക്. ഇതില്‍ വലിയൊരു വിഭാഗം യുക്രെയ്‌നി വംശജരാണ്. 1932-33 ലെ വന്‍ ക്ഷാമകാലത്തു ദശലക്ഷക്കണക്കിനു യുക്രെയ്ന്‍കാര്‍ മരിച്ചതും സ്റ്റാലിന്‍ നടത്തിയ വംശഹത്യയായാണ് കണക്കാക്കുന്നത്.

ആ കാലഘട്ടത്തിലെ രേഖകള്‍ തരംതിരിച്ച് മോസ്‌കോയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇരകളെ തിരിച്ചറിയുന്നത് അസാധ്യമാണെന്ന് ഗുട്‌സാല്യുക് പറഞ്ഞു. 'റഷ്യയിലെ നിലവിലെ സര്‍ക്കാര്‍ ഈ രേഖകള്‍ ഒരിക്കലും ഞങ്ങള്‍ക്ക് കൈമാറുകയില്ല,' അദ്ദേഹം പറഞ്ഞു.

ഉക്രേനിയന്‍ ചരിത്രകാരന്മാരുടെ കണക്കനുസരിച്ച്, 1930 കളിലെ സ്റ്റാലിനിസ്റ്റ് അടിച്ചമര്‍ത്തലുകളില്‍ ലക്ഷക്കണക്കിന് ഉക്രേയിനികളാണ് ഗുലാഗ് ക്യാംപുകളില്‍ തടവിലാക്കിയത്. ലക്ഷങ്ങളെ കൊന്നുടുക്കിയെന്നാണ് കണക്ക്.

1937-1941 ല്‍ പതിനായിരങ്ങളെ അടക്കം ചെയ്ത കിയെവിന്റെ പ്രാന്തപ്രദേശത്തുള്ള ബൈകിവ്‌നിയ ഗ്രാമത്തിനടുത്തുള്ള വനമാണ് ഏറ്റവും കുപ്രസിദ്ധമായ വധശിക്ഷാ സൈറ്റുകളില്‍ ഒന്ന്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് മൂന്ന് വയസിന് താഴെയുള്ള ആയിരത്തോളം പിഞ്ച് കുഞ്ഞുങ്ങളുടെ ശവക്കുഴികള്‍ കണ്ടെത്തിയിരുന്നു. കാനഡയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് ബ്രിട്ടനും കത്തോലിക്കാ സഭയും തദ്ദേശീയ ജനതയെ ക്രൂരമായി കൊന്നൊടുക്കിയ ചരിത്രമാണ് ഇതോടെ പുറത്ത് വന്നത്.

കാനഡയില്‍ അധിനിവേശം സ്ഥാപിക്കാനായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 1970 നും ഇടയില്‍ 1,50,000 കനേഡിയന്‍ കുട്ടികളെ ബ്രിട്ടന്‍ ക്രിസ്തു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി എന്നാണ് ചരിത്രം. തദ്ദേശീയരായ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും അവരുടെ മാതൃഭാഷകള്‍ക്ക് പകരം ഇംഗ്ലീഷ് സംസാരിപ്പിക്കാനും അത് വഴി തങ്ങള്‍ക്ക് ആവശ്യമുള്ള ഒരു അടിമ ജനതയെ സൃഷ്ടിക്കാനുമായി ബ്രിട്ടന്‍ റസിഡന്‍ഷ്യന്‍ സ്‌കൂളുകളെന്ന പേരില്‍ നടത്തിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

കമ്യൂണിസ്റ്റ് ഭരണകൂടം റഷ്യയിലും, കത്തോലിക്കാ സഭയും ബ്രിട്ടനും കാനഡയിലും നടത്തിയ ക്രൂരമായ വംശഹത്യയുടെ ചിത്രങ്ങളാണ് ഈ രണ്ട് സംഭവങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

Tags: