ഫ്‌ലാറ്റ് ഒഴിയാന്‍ ഒരു മണിക്കൂര്‍പോലും നീട്ടി നല്‍കില്ല; ഇനി ക്ഷമിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

രാജ്യത്തെ ഒരു കോടതിയും ഈ വിഷയത്തിലുള്ള ഒരു ഹര്‍ജിയും പരിഗണിക്കില്ല. കൂടുതല്‍ വാദിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും അഭിഭാഷകര്‍ക്കു ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി.

Update: 2019-10-04 08:59 GMT

ന്യൂഡല്‍ഹി: മരട് ഫ്‌ലാറ്റിലെ എല്ലാ താമസക്കാരും എത്രയും പെട്ടെന്ന് ഒഴിയണമെന്നു സുപ്രീം കോടതി. ഒഴിയാന്‍ ഒരു മണിക്കൂര്‍പോലും സമയപരിധി നീട്ടി നല്‍കില്ലെന്നും ഈ വിഷയത്തില്‍ ഇനി ക്ഷമിക്കാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് അറിയിച്ചു. ഫ്‌ലാറ്റുകളില്‍നിന്നും ഒഴിയാന്‍ ഒരാഴ്ച കൂടി സമയം നീട്ടിനല്‍കണമെന്ന ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം പരിഗണിക്കുന്നതിനിടേയാണ് കോടതിയില്‍ നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

താമസക്കാര്‍ക്കായി ഹാജരായ അഭിഭാഷകരോട് കോടതി ഹാളില്‍നിന്നും പുറത്തുപോകാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി പറഞ്ഞു. ഒരു റിട്ട് ഹര്‍ജിയും ഇനി കേള്‍ക്കാനാവില്ല. രാജ്യത്തെ ഒരു കോടതിയും ഈ വിഷയത്തിലുള്ള ഒരു ഹര്‍ജിയും പരിഗണിക്കില്ല. കൂടുതല്‍ വാദിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും അഭിഭാഷകര്‍ക്കു ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി.

തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് ഒഴിയുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളിലായി 326 കുടുംബങ്ങള്‍ താമസിക്കുന്നു. ഇതില്‍ 243 ഓളം കുടുംബങ്ങള്‍ താമസം ഒഴിഞ്ഞു. ഇനി 29 കുടുംബങ്ങളാണ് ഒഴിയാനുളളത്. ഇന്നത്തോടെ ഇവര്‍ ഒഴിയുമെന്നാണ് നഗരസഭ കരുതുന്നത്.

ഇന്നലെ രാത്രി 12 നകം താമസക്കാരെല്ലാം ഫ്‌ലാറ്റ് വിട്ട് പോകണമെന്നാണു ഉത്തരവെങ്കിലും വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ലാ കലക്ടര്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. സാധനങ്ങള്‍ മാറ്റുന്നതുവരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്നു നഗരസഭ അറിയിച്ചു.

Tags: