യുക്രെയ്ന്‍ നഗരങ്ങളില്‍ ബോംബാക്രമണം ശക്തമാക്കി റഷ്യ; നിരവധി പേര്‍ കൊല്ലപ്പെട്ടു; 6,000 സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍

ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ ഹര്‍കീവില്‍ 21 ഉം പടിഞ്ഞാറന്‍ നഗരമായ ഷൈറ്റോമിറില്‍ നാലുപേരും ഇന്ന് കൊല്ലപ്പെട്ടു.

Update: 2022-03-02 10:49 GMT

കീവ്: അധിനിവേശം ഒരാഴ്ചയിലെത്തിയപ്പോള്‍ യുക്രെയ്ന്‍ നഗരങ്ങളില്‍ ബോംബാക്രമണം ശക്തമാക്കി റഷ്യന്‍ സൈന്യം. യുക്രെയ്‌നിലെ വമ്പന്‍ നഗരങ്ങളിലേക്ക് റഷ്യ കടുത്ത ബോംബാക്രമണമാണ് നടത്തികൊണ്ടിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മരണസംഖ്യയും കുതിച്ചുയര്‍ന്നു. ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ ഹര്‍കീവില്‍ 21 ഉം പടിഞ്ഞാറന്‍ നഗരമായ ഷൈറ്റോമിറില്‍ നാലുപേരും ഇന്ന് കൊല്ലപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ റഷ്യന്‍ ഷെല്ലാക്രമണവും ബോംബാക്രമണവും തുടരുകയാണ്. 21 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖാര്‍കീവ് ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് പറഞ്ഞു.

വ്യോമാക്രമണം മൂലമുള്ള തീ ഇപ്പോഴും അണഞ്ഞിട്ടില്ല. ഷെല്ലുകള്‍ പൊട്ടിത്തെറിക്കുന്നു- അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ന് പുലര്‍ച്ച അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റു മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തത്. ആക്രമണമുണ്ടാവുമെന്ന് യുക്രേനിയന്‍ തലസ്ഥാനമായ കീവിന് റഷ്യ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ്കീവ് ടിവി ടവറില്‍ മാരകമായ സ്‌ഫോടനമുണ്ടായത്. ഷ്യന്‍ ക്രൂയിസ് മിസൈല്‍ കീവിനു പടിഞ്ഞാറ് 120 കിലോമീറ്റര്‍ (75 മൈല്‍) സൈറ്റോമൈറിലെ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചതായി യുക്രെയ്ന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേശകനായ ആന്റണ്‍ ഹെരാഷ്‌ചെങ്കോ തന്റെ ടെലിഗ്രാം ചാനലില്‍ പറഞ്ഞു.

ആറ് ദിവസത്തെ അധിനിവേശത്തില്‍ യുക്രെയ്ന്‍ ഭാഗത്ത്‌നിന്ന് റഷ്യന്‍ സേനയ്ക്ക് കനത്ത ചെറുത്തുനില്‍പ്പ് നേരിടേണ്ടിവരുന്നുണ്ടെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോംബാക്രമണം റഷ്യന്‍ തന്ത്രത്തിന്റെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നതാണ്. കടുത്ത വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടാണ് റഷ്യന്‍ സേന ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ആറായിരത്തോളം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രെയ്ന്‍ അവകാശപ്പെടുന്നു.

അതിനിടെ തെക്കന്‍ യുക്രേനിയന്‍ തുറമുഖനഗരമായ ഖെര്‍സണ്‍ പിടിച്ചെടുത്തുവെന്ന് റഷ്യന്‍സേന അവകാശവാദമുന്നയിച്ചു. നഗരം ഇപ്പോള്‍ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യയുടെ അവകാശവാദം. അധിനിവേശം ആരംഭിച്ചതിന് ശേഷം പിടിച്ചെടുക്കുന്ന ഏറ്റവും വലിയ നഗരമാണിത്. 13 കുട്ടികളുള്‍പ്പെടെ 136 സാധാരണക്കാരുടെ മരണങ്ങള്‍ സ്ഥിരീകരിച്ചതായി യുഎന്‍ മനുഷ്യാവകാശ ഓഫിസ് ചൊവ്വാഴ്ച അറിയിച്ചു. 400 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച വരെ റഷ്യന്‍ ആക്രമണത്തില്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ ആരോഗ്യമന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

Tags: