ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് ഒരേ സംഘമെന്ന് കുറ്റപത്രം

അമോല്‍കലെ സഞ്ജയ് ബന്‍സാരെ (37), ഗണേഷ് മിസ്‌കിന്‍ (27), പ്രവീണ്‍ പ്രകാശ് ചാതൂര്‍ (26), വാസുദേവ് ഭഗവാന്‍ സൂര്യവംശി (29), ശാരദ് കലാസ്‌കര്‍ എന്ന ചോട്ടെ (25), അമിത് രാമചന്ദ്ര ബഡ്ഡി (27) എന്നീ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Update: 2019-08-18 05:35 GMT

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കന്നട സാഹിത്യകാരന്‍ ഡോ. എം എം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് തീവ്രഹിന്ദുത്വസംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ ഒരേ സംഘമാണെന്ന് കണ്ടെത്തല്‍. കല്‍ബുര്‍ഗി വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുകൊലപാതകങ്ങളും ആസൂത്രണംചെയ്ത് നടപ്പാക്കിയത് ഒരുസംഘമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അമോല്‍കലെ സഞ്ജയ് ബന്‍സാരെ (37), ഗണേഷ് മിസ്‌കിന്‍(27), പ്രവീണ്‍ പ്രകാശ് ചാതൂര്‍ (26), വാസുദേവ് ഭഗവാന്‍ സൂര്യവംശി (29), ശാരദ് കലാസ്‌കര്‍ എന്ന ചോട്ടെ (25), അമിത് രാമചന്ദ്ര ബഡ്ഡി (27) എന്നീ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അമോല്‍കലെ സന്‍സ്തയുമായി ബന്ധമുള്ള ജനജാഗ്രതി സമിതിയുടെ പൂനെ വിഭാഗത്തിന്റെ കണ്‍വീനറായിരുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതികളിപ്പോള്‍ ബംഗളൂരുവിലെ പരപ്പണ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് 1,631 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. 2014 ല്‍ അന്ധവിശ്വാസരഹിതമായ സമൂഹമെന്ന വിഷയത്തില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിച്ചതാണ് കല്‍ബുര്‍ഗിയോടുള്ള പ്രതികളുടെ വൈരാഗ്യത്തിന് കാരണം. വ്യക്തമായ ആസൂത്രണത്തിലൊടുവിലാണ് കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ദക്ഷിണ കന്നഡയിലെ ഒരു റബര്‍തോട്ടത്തില്‍ വെടിവയ്പ്പ് പരിശീലനം നടത്തിയിരുന്നതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ഗണേഷ് മിസ്‌കിനാണ് കല്‍ബുര്‍ഗിക്കുനേരേ രണ്ടുതവണ വെടിയുതിര്‍ത്തതെന്നും മറ്റൊരു പ്രതിയായ പ്രവീണ്‍ പ്രകാശ് ചതൂറാണ് ഗണേഷിനെ കല്‍ബര്‍ഗിയുടെ വസതിയിലേക്ക് കൊണ്ടുപോയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി ഉള്‍പ്പടെ 138 സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വെടിവയ്ക്കാനുപയോഗിച്ചത് ഒരേ തോക്കാണ്. ഗൗരി ലങ്കേഷ് വധക്കേസിലും ഈ ആറുപേരും പ്രതികളാണ്. സനാതന്‍ സന്‍സ്തയെന്ന തീവ്രഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതികളന്നും കുറ്റപത്രം പറയുന്നു. കര്‍ണാടക പോലിസിന്റെ സിഐഡി വിഭാഗമായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. ഗൗരി ലങ്കേഷ് വധം അന്വേഷിച്ച പ്രത്യേകസംഘത്തിന് പിന്നീട് കേസ് കൈമാറുകയായിരുന്നു. കൊലപാതകം നടന്ന് നാലുവര്‍ഷത്തിനുശേഷമാണ് ഹുബ്ബളി ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2015 ആഗസ്ത് 30നാണ് ധാര്‍വാഡിലെ കല്യാണ്‍നഗര്‍ വീട്ടില്‍വച്ച് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്.

Tags:    

Similar News