ശാഹീന്‍ ബാഗ് പ്രതിഷേധത്തിലേക്ക് തോക്കുമായെത്തിയ യുവാവ് പിടിയില്‍(വീഡിയോ)

Update: 2020-01-28 15:43 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരേ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ഒരു മാസത്തിലേറെയായി സമരം നടക്കുന്ന ശാഹീന്‍ ബാഗില്‍ തോക്കുമായെത്തിയ യുവാവിനെ പ്രതിഷേധക്കാര്‍ പിടികൂടി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാരെ വെടിവയ്ക്കണമെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ വിവാദപ്രസംഗത്തിനു പിന്നാലെയാണ് യുവാവിനെ പിസ്റ്റളുമായി പിടികൂടിയത്. വീട്ടമ്മമാര്‍ക്കിടയിലേക്ക് നടന്നുകയറിയ യുവാവിന്റെ കൈവശം തോക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ കീഴടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമരപ്പന്തലിലുള്ളവര്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശാഹീന്‍ ബാഗ് പ്രതിഷേധവിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശാഹീന്‍ ബാഗില്‍ നിന്നുള്ള അടിയന്തിരവും ഔദ്യോഗികവുമായ അറിയിപ്പ്: സായുധ സാമൂഹിക വിരുദ്ധര്‍ പ്രതിഷേധത്തിനിടയിലേക്ക് പ്രവേശിച്ചു. വലതുപക്ഷ ഗ്രൂപ്പുകളില്‍പെട്ട കൂടുതല്‍ പേര്‍ പ്രതിഷേധത്തിലേക്കു കയറി ആക്രമണം നടത്തുമെന്ന് ഭയപ്പെടുന്നുവെന്നും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാവരും എത്തിച്ചേരണമെന്നും പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അക്രമങ്ങള്‍ തടയാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നുമായിരുന്നു ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചത്. അല്‍പസമയത്തിനു ശേഷം തന്നെ ഇതേ ട്വിറ്ററില്‍ നിന്ന്,

   



    നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും എന്നിരുന്നാലും ഡല്‍ഹി തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ വരും ദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ച് മറ്റൊരു പോസ്റ്റ് കൂടി വന്നു. ദയവു ചെയ്ത് ശാഹീന്‍ ബാഗിലും ഡല്‍ഹിയിലുമുള്ളവര്‍ സ്ഥലത്ത് എത്തിച്ചേരണമെന്നും ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചിരുന്നു. രണ്ടുപേരാണ് സമരപ്പന്തലിലേക്ക് നുഴഞ്ഞുകയറിയതെന്നും ഒരാളുടെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്നും റോഡ് ഒഴിഞ്ഞില്ലെങ്കില്‍ ചാട്ടവാര്‍ കൊണ്ടടിക്കുമെന്നും ആക്രോശിച്ചായിരുന്നു വന്നതെന്നും അബ്ദുല്‍ മുഹമ്മദ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ വൈകീട്ട് മൂന്നോടെയാണ് വേദിയില്‍ കയറി പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് പ്രതിഷേധക്കാരില്‍ ഒരാളും പ്രദേശവാസിയുമായ സയ്യിദ് തസീര്‍ അഹമ്മദ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

   



കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഷഹീന്‍ ബാഗിനെ പരാമര്‍ശിച്ച് വിവാദ പ്രസ്താവന പുറപ്പെടുവിച്ചത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ റിത്താലയില്‍ പ്രചാരണത്തിനിടെ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ എന്ന മുദ്രാവാക്യം വിളിക്കാന്‍ മന്ത്രി ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയായിരുന്നു. 'രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ എന്നായിരുന്നു ആഹ്വാനം. മന്ത്രിയുടെ നടപടിയെ കോണ്‍ഗ്രസും ശിവസേനയും അപലപിക്കുകയും ചെയ്തിരുന്നു.




Tags:    

Similar News