മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി; ഇന്ന് ഗവര്‍ണറെ കാണും

സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

Update: 2019-11-07 05:25 GMT

മുംബൈ: സഖ്യകക്ഷിയായ ശിവസേനയുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളുടെ ബിജെപി മുന്നോട്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശം ഉന്നയിച്ച് ബിജെപി പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണും. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയെ ഇപ്പോഴും വെല്ലുവിളിക്കുകയാണ് ശിവസേന.

സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

നാളെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനാല്‍ ഇന്ന് തന്നെ സേനയുമായി ധാരണയിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. ആ ആത്മവിശ്വാസത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കാണുന്നത്. നാളെ തന്നെ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് സൂചന.

എന്നാല്‍, സമവായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ചയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന. പരസ്യ പ്രസ്താവനകള്‍ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദവും ധനകാര്യം നഗരവികസനം റവന്യൂ എന്നിങ്ങനെ പ്രധാന വകുപ്പുകളും കിട്ടിയാല്‍ സഹകരിക്കാമെന്നാണ് സേനാക്യാമ്പിലെ ആലോചന.

അതേസമയം, ശിവസേനയെ പിളര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശിവസേനയും ശിവസേനാ മുഖപത്രമായ സാംമ്‌നയും ആരോപിച്ചു. 20 ശിവസേന എംഎല്‍എമാരുമായി ബിജെപി നേതൃത്വം രഹസ്യ ചര്‍ച്ച നടത്തിയതായി റിപോര്‍ട്ടുകളുണ്ട്.

Tags:    

Similar News