യുഎപിഎ കേസുകളില്‍ അന്വേഷണ കാലാവധി നീട്ടാന്‍ മജിസ്‌ട്രേറ്റിന് അവകാശമില്ല: സുപ്രിംകോടതി

അന്വേഷണ കാലാവധി നീട്ടുവാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതികള്‍ക്ക് മാത്രമാണ് അവകാശം എന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

Update: 2021-09-10 10:36 GMT

ന്യൂഡല്‍ഹി: യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുന്ന സമയം നീട്ടാന്‍ മജിസ്‌ട്രേറ്റിന് യോഗ്യതയില്ലെന്ന് സുപ്രിംകോടതി. യുഎപിഎ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം മജിസ്‌ട്രേറ്റിന് ഈ അവകാശമില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചത്.

ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബെലം എം ത്രിവേദി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. യുഎപിഎ 43ഡി (2) (ബി) വകുപ്പ് പ്രകാരം പ്രത്യേക കോടതികള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. അന്വേഷണ കാലാവധി നീട്ടുവാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതികള്‍ക്ക് മാത്രമാണ് അവകാശം എന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ഭോപ്പാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരേ മധ്യപ്രദേശില്‍ നിന്നുള്ള സാദിഖ് എന്ന വ്യക്തി നല്‍കിയ പരാതിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കവേയാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞ് പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ച സാദിഖിന് ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റ് വിസമ്മതിച്ചിരുന്നു. തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന അദ്ദേഹത്തിന്റെ വാദവും നിരസിക്കപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റിന്റെ വിധി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മധ്യപ്രദേശ് ഹൈക്കോടതിയും പ്രതിയുടെ ഹരജി തള്ളിക്കളഞ്ഞിരുന്നു.

ഭോപ്പാല്‍ മജിസ്‌ട്രേറ്റ് കേസില്‍ അന്വേഷണ കാലാവധി നീട്ടി നല്‍കിയത് വസ്തുത പരിഗണിക്കാതെയാണെന്ന് സാദിഖിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ദവെ സുപ്രിംകോടതിയെ അറിയിച്ചു. യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും, കേന്ദ്ര ഏജന്‍സികളോ സംസ്ഥാന സര്‍ക്കാരുകളോ അന്വേഷിച്ചാലും, പ്രത്യേക കോടതികള്‍ എന്‍ഐഎ ആക്ട് പ്രകാരം വിചാരണ ചെയ്യണമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

പ്രസ്തുത വിധിയെ ആശ്രയിച്ച്, മൂന്നംഗ ബെഞ്ച് യുഎപിഎ സെക്ഷന്‍ 43ഡി (2) (ബി) യിലെ ആദ്യ വ്യവസ്ഥ പ്രകാരം 180 ദിവസത്തേക്ക് സമയം നീട്ടാന്‍ പ്രത്യേക കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് സംപ്രിംകോടതി പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സുപ്രിംകോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.