ആള്‍ക്കൂട്ടക്കൊല: യുപി പോലിസിന്റെ അന്വേഷണങ്ങള്‍ ഇരകള്‍ക്കെതിരേയെന്ന് ബിബിസി റിപോര്‍ട്ട്
ന്യൂഡല്‍ഹി: യുപിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും യുപി പോലിസ് നടത്തിയ അന്വേഷണം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരായിരുന്നുവെന്ന് ബിബിസി റിപോര്‍ട്ട്. മിക്കവാറും ആക്രമണങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്നും ബിബിസിയുടെ ഹിന്ദി വിഭാഗം തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
''നാല് ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ബിബിസി അന്വേഷിച്ചത്. അതില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ കണ്ടെത്തി. ഒരു കേസില്‍ ഇരയുടെ കുടുംബം ഗ്രാമത്തില്‍ നിന്ന് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. ഒരു കേസില്‍ പോലും കുടുംബങ്ങള്‍ക്ക് അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്ന് അഭിപ്രായമില്ല. എഫ്‌ഐആറില്‍ പറഞ്ഞ പ്രതികള്‍ക്കെതിരേ ഒരു കേസിലും കുറ്റപത്രം നല്‍കിയതുമില്ല- റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍ ഇതാണ്.
ബിബിസിയിലെ കീര്‍ത്തി ദുബെയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. അവര്‍ സോന്‍ഭദ്ര, ബുലന്ദ്ഷഹര്‍, മുറാദാബാദ്, മഥുര എന്നിങ്ങനെ നാല് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് പരിശോധിച്ചത്. 2019ലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷകുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം യുപിയാണ്.
ഇന്ത്യയില്‍ ആകെ നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ സര്‍ക്കാരിന്റെ കയ്യിലില്ല. 2016ലും 2021ലും നടന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ബിബിസി സ്വന്തം നിലക്ക് പരിശോധിച്ച് കണ്ടെത്തുകയായിരുന്നു. 2016 ജനുവരി മുതല്‍ ആഗസ്ത് വരെ 11 ഗുരുതരമായ കുറ്റകൃത്യങ്ങളും 2021 ജനുവരി മുതല്‍ ആഗസ്ത് വരെ 24 ഗുരുതരമായ കുറ്റകൃത്യങ്ങളുമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ നാല് കേസില്‍ കുറ്റം ചെയ്‌തെന്ന് കുടുംബങ്ങള്‍ ആരോപിച്ച ഒരു പ്രതിയെപ്പോലും പോലിസ് അറസ്റ്റ് ചെയ്തില്ല, കേസും എടുത്തില്ല.അറസ്റ്റ് ചെയ്യപ്പെട്ടവരാകട്ടെ ജാമ്യം കിട്ടി പുറത്തുണ്ട്. പല കേസിലും ഇരകളുടെ കുടുംബങ്ങള്‍ക്ക് പലതരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു.
2019 മാര്‍ച്ച് 20ന് സോന്‍ഭദ്രയില്‍ 50 വയസ്സുള്ള അന്‍വര്‍ അലിയാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഒരു ആരാധനാലയം പൊളിക്കുന്നതിനെ എതിര്‍ത്തതായിരുന്നു കാരണം. ആ കേസില്‍ ഇതുവരെ ഹിയറിങ് പോലും പൂര്‍ത്തിയായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനായ രവീന്ദര്‍ ഖര്‍വാറാണ് ആക്രമണത്തിനു പിന്നിലെന്ന് കുടുംബം വിശ്വസിക്കുന്നു. ഗ്രാമത്തില്‍ മുസ് ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഇയാളാണ് മുന്‍കൈ എടുത്തതും. പക്ഷേ, പരാതി നല്‍കിയിട്ടും പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തില്ല. എന്തുകൊണ്ടാണ് അയാളെ അറസ്റ്റ് ചെയ്യാത്തതെന്ന് കുടുംബം ചോദിക്കുക പോലുമുണ്ടായി. അയാളുടെ പേരുപോലും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയില്ല. ഒരിക്കല്‍ പോലും അന്വേഷണത്തിന് വേണ്ടി അയാള്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ ഹാജരാവേണ്ടിയും വന്നില്ല.
2017 മെയ് 2ാം തിയ്യതി അറുപത് വയസ്സുകാരനായ ഗുലാം അഹ്മദ് സോഹി ഗ്രാമത്തില്‍ വച്ച് ആക്രമണത്തിനിരയായി. ഒരു മുസ്‌ല ിം ഒരു ഹിന്ദു പെണ്‍കുട്ടിയുമായി ഓടിപ്പോയതിനെത്തുടര്‍ന്നാണ് ഗുലാം അഹ്മദ് ആക്രമിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും.
ഈ കേസില്‍ പത്ത് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പണം വാങ്ങി കേസില്‍ നിന്ന് പിന്‍മാറാന്‍ കുടുംബത്തിന് സമ്മര്‍ദ്ദമുണ്ടായി. ഭയം കൊണ്ട് ദൃക്‌സാക്ഷി കൂറ് മാറാന്‍ നിര്‍ബന്ധിതനായി.
2021 ജൂണ്‍ 4ാം തിയ്യതി ഷേര്‍ ഖാന്‍ ഗോസംരക്ഷണ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പോലിസ് തിരിച്ചറിയാത്ത ഏതാനും ഗ്രാമവാസികള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ കുടുംബം വിശ്വസിക്കുന്നത് ഷേര്‍ ഖാനെ കൊന്നത് ചന്ദ്രശേഖര്‍ ബാബയാണെന്നാണ്. പക്ഷേ, പോലിസ് ചന്ദ്രശേഖറിന്റെ പരാതിയില്‍ കുടുംബത്തിനെതിരേ പശുക്കടത്താരോപിച്ച് കേസെടുത്തു.
ഈ വര്‍ഷം മെയ് മാസത്തില്‍ ഷുകിര്‍ ഖൊറേശിയെ ഇറച്ചി വാങ്ങിവരുമ്പോള്‍ അക്രമികള്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. മനോജ് താക്കൂര്‍ അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. താക്കൂറായിരുന്നു ഒന്നാം പ്രതി. പക്ഷേ, ഇപ്പോള്‍ അയാള്‍ ജാമ്യം കിട്ടി പുറത്തുണ്ട്.

