ലൗ ജിഹാദ്: കുപ്രചരണത്തില്‍ പങ്കു ചേര്‍ന്ന് വോഡഫോണ്‍ ഐഡിയ കമ്പനി

ലൗ ജിഹാദിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു എന്ന അടിക്കുറിപ്പോടെയാണ് 'ഹമാരാ ഹിന്ദ്' എന്ന യൂ ട്യൂബ് ചാനലിന്റെ വിഡിയോ മൊബൈല്‍ ഫോണ്‍ കമ്പനി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

Update: 2020-10-14 09:09 GMT

കോഴിക്കോട്: മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതിനു വേണ്ടി സംഘ്പരിവാര്‍ നിര്‍മിച്ചെടുത്ത ലൗ ജിഹാദ് വ്യാജ ആരോപണത്തിന്റെ പരസ്യ സന്ദേശങ്ങളുമായി വോഡഫോണ്‍ ഐഡിയ മൊബൈല്‍ കമ്പനി. മതവിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ അയക്കരുത് എന്ന നിയമം ലംഘിച്ചാണ് വോഡഫോണ്‍ ഐഡിയ കമ്പനി ലൗ ജിഹാദിനെ കുറിച്ച് പ്രചാരണം നടത്തുന്ന വീഡിയോ ലിങ്ക് ഉപഭോക്താക്കള്‍ക്ക് സന്ദേശമായി അയക്കുന്നത്.

ലൗ ജിഹാദിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു എന്ന അടിക്കുറിപ്പോടെയാണ് 'ഹമാരാ ഹിന്ദ്' എന്ന യൂ ട്യൂബ് ചാനലിന്റെ വിഡിയോ മൊബൈല്‍ ഫോണ്‍ കമ്പനി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദിനെ കുറിച്ച് മുന്‍പ് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചാണ് ക്രിസ്ത്യന്‍ അനുകൂല ചാനലായ 'ഹമാരാ ഹിന്ദ്' വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. കേരള ധനമന്ത്രി തോമസ് ഐസക് ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞുവെന്നും എന്നാല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും ബിജെപി നേതാവുമായ ജോര്‍ജ്ജ് കുര്യന്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഉറപ്പിച്ചതായും 'ഹമാരാ ഹിന്ദ്' പറയുന്നു. 2005 നും 2012 നും ഇടയില്‍ 4000 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായിട്ടുണ്ടെന്നും ഇവര്‍ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് പോയി എന്നുമുള്ള അങ്ങേയറ്റം വസ്തുതാ വിരുദ്ധമായ കാര്യങ്ങളും 'ഹമാരാ ഹിന്ദ്' പ്രചരിപ്പിക്കുന്നുണ്ട്.

ലൗ ജിഹാദ് ഇല്ലെന്ന് അന്വേഷണ ഏജന്‍സികളും നീതിപീഠവും തന്നെ വ്യക്തമാക്കിയിട്ടും അതിന്റെ പേരില്‍ കുപ്രചരണം നടത്തുന്ന 'ഹമാരാ ഹിന്ദ്' ചാനലിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ്. എന്നാല്‍ 31 കോടിയോളം ഉപഭോക്താക്കളുള്ള വോഡഫോണ്‍ ഐഡിയ മൊബൈല്‍ ഫോണ്‍ കമ്പനി മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് എന്ന സംശയമാണ് ഉയരുന്നത്.

Tags:    

Similar News