ഡല്‍ഹിയിലെ വായുമലിനീകരണം: ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കഴിയുന്നവര്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്നു; രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

Update: 2021-11-17 09:38 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വായുമലിനീകരണത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കഴിയുന്നവര്‍ കര്‍ഷകരെ കുറ്റപ്പെടുത്തുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ഡല്‍ഹിയുടെ അയല്‍സംസ്ഥാനങ്ങളിലെ സമീപപ്രദേശങ്ങളില്‍ കര്‍ഷകര്‍ വൈക്കോലടക്കമുള്ള കാര്‍ഷിക ശേഷിപ്പുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് വായുമലിനീകരണത്തിന്റെ തോത് അപകടകരമായ വിധം ഉയര്‍ന്നുവരാന്‍ ഒരു പ്രധാന കാരണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ വാദത്തിനെതിരെയാണ് സുപ്രീംകോടതി മറുപടി.

വൈക്കോല്‍ കത്തിക്കുന്നതുകൊണ്ടുണ്ടാവുന്ന അന്തരീക്ഷമലിനീകരണം വളരെ ചെറിയ തോതില്‍ മാത്രമാണെന്ന് ഐഐടി പഠനം ചൂണ്ടികാട്ടി കോടതി സൂചിപ്പിച്ചു. കര്‍ഷകരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ വേണ്ട നടപടികള്‍ വിവിധ സംസ്ഥാനങ്ങള്‍ കൈക്കൊള്ളുകയാണ് വേണ്ടതെന്ന് കോടതി വിലയിരുത്തി. എന്നാല്‍ ഇത് പഴയ ഒരു പഠനമാണെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദിച്ചത്.

വായുമലിനീകരണം ത്വരിതപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും കോടതി നിര്‍ദേശപ്രകാരം അടിയന്തരയോഗം വിളിച്ചിരുന്നു.

തുടര്‍ന്നാണ് ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങലില്‍ അന്‍പത് ശതമാനം പേരും വീടുകളില്‍ തന്നെയിരുന്ന് ജോലിചെയ്യണമെന്ന ഉത്തരവ് പുറത്തിറക്കിയത്. നവംബര്‍ 21വരെയാണ് നിയന്ത്രണം. നവംബര്‍ 21ന് ശേഷം വായുമലിനീകരണത്തില്‍ ഗുണകരമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോളിറ്ററി ജനറല്‍ തുഷാര്‍ മേത്ത ഇന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്‌ക്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡല്‍ഹിയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News