വിഷമദ്യ ദുരന്തം: യുപിയിലും ഉത്തരാഖണ്ഡിലുമായി 38 മരണം

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണു മരിച്ചത്. സമീപജില്ലയായ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 12 പേരും മരിച്ചതായാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധിയാളുകള്‍ ചികില്‍സയിലാണ്. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ചെയ്തു.

Update: 2019-02-08 09:33 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണു മരിച്ചത്. സമീപജില്ലയായ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 12 പേരും മരിച്ചതായാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധിയാളുകള്‍ ചികില്‍സയിലാണ്. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ചെയ്തു. സഹരാന്‍പൂരിലെ ഉമാഹി ഗ്രാമത്തില്‍ അഞ്ചുപേര്‍ മരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശര്‍ബത്പൂര്‍ ഗ്രാമത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.

സമീപപ്രദേശങ്ങളിലും ആളുകള്‍ മരിച്ചതായി റിപോര്‍ട്ടുകളുണ്ട്. ഈ മേഖലയില്‍ പതിനാറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് സൂചന. ഇവിടങ്ങളില്‍ വ്യാജമദ്യം വ്യാപകമായി വില്‍ക്കപ്പെടുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പോലിസിന്റ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തതായി ഉത്തരാഖണ്ഡ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അര്‍ച്ചന ഖര്‍വാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണത്തിലും ഉത്തരവായിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത മദ്യവില്‍പ്പന കണ്ടെത്തുന്നതിന് എക്‌സൈസും പോലിസും സംയുക്തമായി 15 ദിവസം പരിശോധന നടത്താനും നിര്‍ദേശം നല്‍കി. ഖുഷിനഗര്‍, സഹാരന്‍പൂര്‍ എന്നിവിടങ്ങളിലെ ജില്ലാതല എക്‌സൈസ് ഓഫിസര്‍മാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും യോഗി ഉത്തരവിട്ടു. മൂന്നുദിവസം മുമ്പ് ഖുഷിനഗറില്‍ പത്തുപേര്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം സസ്‌പെന്റ് ചെയ്തിരുന്നു.

Tags:    

Similar News