ഇടിമിന്നലില്‍ ഞെട്ടിവിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; 68 മരണം

ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ ഏഴുപേരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേരാണ് മരിച്ചത്. ജയ്പൂരിന് സമീപമുള്ള അമേര്‍ പാലസിലെ വാച്ച് ടവറിലായിരുന്നു സംഭവം.

Update: 2021-07-12 05:51 GMT

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ദുരന്തം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലായി ഇടിമിന്നലേറ്റ് 68 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ ഏഴുപേരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേരാണ് മരിച്ചത്. ജയ്പൂരിന് സമീപമുള്ള അമേര്‍ പാലസിലെ വാച്ച് ടവറിലായിരുന്നു സംഭവം.

അപകടസമയം വാച്ച് ടവറില്‍ നിരവധിയാളുകളുണ്ടായിരുന്നു. ഏറ്റവും മുകളില്‍ 29 പേരുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഇവരില്‍ പലരും പരിഭ്രാന്തരായി കോട്ടയില്‍നിന്ന് സമീപത്തെ വനമേഖലയിലേക്ക് ചാടി. പരിക്കേറ്റ 29 പേരെ പോലിസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തി. ഈ മാസമുണ്ടായ ഏറ്റവും ശക്തമായ ഇടിമിന്നലാണ് ഞായറാഴ്ച രാത്രിയിലുണ്ടായത്. ജയ്പൂരിലെ ആമേര്‍ പ്രദേശത്ത് ഞായറാഴ്ച 40 മിനിറ്റിനുള്ളില്‍ രണ്ടുതവണയാണ് ആകാശ മിന്നല്‍ വാച്ച് ടവറില്‍ ഇടിമിന്നലേറ്റത്.

രാജസ്ഥാനിലെ മറ്റിടങ്ങളിലുണ്ടായ ഇടിമിന്നല്‍ അപകടത്തില്‍ 9 പേര്‍കൂടി മരണപ്പെട്ടു. ഇതില്‍ കോട്ട, ധോല്‍പൂര്‍ ജില്ലകളിലെ ഏഴ് കുട്ടികളും ഉള്‍പ്പെടും. ഇതോടെ ആകെ രാജസ്ഥാനിലെ മരണം 20 ആയി. 17 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. പോലിസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) സംയുക്ത സംഘങ്ങളാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ജയ്പൂരിലെ സവായ് മന്‍സിങ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം രാജസ്ഥാന്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

4 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്നുമാണ് നല്‍കുക. ഉത്തര്‍പ്രദേശില്‍ 41 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. പ്രയാഗ്‌രാജിന്റെ ഭാഗങ്ങളില്‍ കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു. കാണ്‍പൂര്‍, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതം, കൗശമ്പിയില്‍ നാലുപേര്‍, ഫിറോസാബാദില്‍ മൂന്നുപേര്‍, ഉന്നാവോ, ഹാമിര്‍പൂര്‍, സോനാഭദ്ര എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചു.

കാണ്‍പൂര്‍ നഗറില്‍ രണ്ടുപേര്‍ വീതം മരിച്ചു. പ്രതാപ്ഗഡ്, ഹാര്‍ദോയി, മിര്‍സാപൂര്‍ ഓരോരുത്തര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അടിയന്തര സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അടുത്ത കുറച്ച് ദിവസങ്ങളില്‍കൂടി ഉത്തരേന്ത്യയില്‍ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Tags: