പാലോളി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തണം: എസ്ഡിപിഐ
മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ജസ്റ്റിസ് രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനാണ് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലോളി കമ്മറ്റിയെ നിയോഗിച്ചത്.
കോഴിക്കോട്: പാലോളി കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിച്ച് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പത്ത് വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പോലും കേരള ഹൈക്കോടതിയുടെ 2021 മെയ് 28 ലെ വിധി മൂലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മുസ്‌ലിംകളെ മാത്രമല്ല, ദലിത് െ്രെകസ്തവരെയും പരിവര്‍ത്തിത െ്രെകസ്തവരെയും ഈ വിധി പ്രതികൂലമായി ബാധിക്കും. സാമൂഹികനീതി സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും തടയപ്പെടുന്ന രീതിയില്‍ സവര്‍ണസംഘടിത വിഭാഗങ്ങളുടെ ഗൂഢാലോചനക്ക് സര്‍ക്കാര്‍ വഴങ്ങരുത്.
മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ജസ്റ്റിസ് രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനാണ് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലോളി കമ്മറ്റിയെ നിയോഗിച്ചത്. പാലോളി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ ചിലത് മാത്രം നടപ്പാക്കിയ ആദ്യഘട്ടത്തില്‍ തന്നെ അതിന്റെ താല്‍പര്യങ്ങളില്‍ വെള്ളം ചേര്‍ത്തു. ഈ കാപട്യമാണ് സര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡറുകളേയും കോടതിയില്‍ ചോദ്യം ചെയ്യാന്‍ തല്‍പരകക്ഷികളെ സഹായിച്ചത്. കേവലം എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ മാത്രമായതും അന്യായക്കാര്‍ക്ക് സഹായകമായി.
ന്യൂനപക്ഷാനുകൂല്യങ്ങള്‍ മുഴുവനും മുസ്‌ലിംകള്‍ തട്ടിയെടുക്കുന്നുവെന്ന കള്ള പ്രചാരണത്തിന് എല്‍ഡിഎഫും യുഡിഎഫും വളം വെച്ച് കൊടുത്തു. ഈ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. സംസ്ഥാനത്ത് സാമൂഹികനീതി നടപ്പാക്കുന്നത് പ്രതിസന്ധിയിലായതിന് പ്രധാന ഉത്തരവാദി സര്‍ക്കാരാണ്. കള്ള പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ പാലോളി കമ്മറ്റിയുടെ പ്രസക്തിയും വസ്തുതകളും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഒരു മറു സത്യവാങ്മൂലം മാത്രം നല്‍കി രക്ഷപ്പെടുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.
ന്യൂനപക്ഷമെന്ന സ്റ്റാറ്റസാണോ അവരുടെ പിന്നാക്കാവസ്ഥയാണോ ആനുകൂല്യങ്ങള്‍ക്ക് മാനദണ്ഡമാക്കേണ്ടത്, പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ഷേമപദ്ധതികളില്ലാതെ എങ്ങിനെ സാമൂഹ്യനീതി സാധ്യമാകും എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ പുതിയ ഹൈകോടതി വിധിയോടെ ഉയരുന്നുണ്ട്. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കുന്നതിനുള്ള കോശി കമ്മിറ്റി ഇതോടെ അപ്രസക്തമാവുകയും ക്രിമിലെയര്‍ സംവിധാനം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിക്കേണ്ടതും സാമൂഹികാന്തരീക്ഷം സമാധാനപരമായി കാത്തു സൂക്ഷിക്കേണ്ടതും സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണം.
സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം വരുന്ന മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ബോധപൂര്‍വ്വമായ അകല്‍ച്ചയും സ്പര്‍ദ്ദയും സൃഷ്ടിച്ച് അതില്‍ നിന്ന് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് യുഡിഎഫും എല്‍ഡിഎഫും പയറ്റുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അതിന്റെ നേട്ടം കൊയ്തു. ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുന്ന ഈ നിലപാട് ആത്മഹത്യാപരമാണ്.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ ഏറെ അവഗണിക്കപ്പെട്ട ദലിത് െ്രെകസ്തവര്‍ ഉള്‍പ്പെടെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയെ കുറിച്ചും ഓരോ വിഭാഗത്തിനും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവിധ ആനുകൂല്യങ്ങളെ കുറിച്ചും സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. ഒരേ തരം സ്‌കോളര്‍ഷിപ്പുകളില്‍ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളതിനേക്കാള്‍ വലിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഇത്തരം വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും തെറ്റിദ്ധാരണയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

