തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്രഹിന്ദുത്വത്തെ പ്രീണിപ്പെടുത്താന്‍ ഇടതുപക്ഷം

ശബരിമല കേസില്‍ അക്രമം നടത്തിയ സംഘപരിവാര പ്രവര്‍ത്തകരുടെ കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം

Update: 2021-02-24 11:27 GMT

തിരുവനന്തപുരം: സിഎഎ-എന്‍ആര്‍സി പൗരത്വസമര കേസുകള്‍ പിന്‍വലിക്കുന്നതിന്റെ മറവില്‍ ശബരിമലയില്‍ അക്രമം നടത്തിയ സംഘപരിവാര പ്രവര്‍ത്തകരുടെ കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം. സിഎഎ-എന്‍ആര്‍സി സമരങ്ങള്‍ സമാധാനപരമായാണ് സംസ്ഥാനത്തുടനീളം നടന്നത്. കാര്യമായ അക്രമസംഭവങ്ങളോ പൊതുമുതല്‍ നശിപ്പിക്കലോ നടന്നിരുന്നില്ല. മാത്രമല്ല ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയുള്ള സമരമായിരുന്നു പൗരത്വസമരം.

എന്നാല്‍, 2019 ജനുവരി മൂന്നിന് തിരുവനന്തപുരം നെടുമങ്ങാട് പോലിസ് സ്‌റ്റേഷന് നേരെ പ്രവീണ്‍, ശ്രീജിത്ത് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞിരുന്നു. 2019 ഫെബ്രുവരിയില്‍ പോലിസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. നാലു ബോംബുകളാണ് അന്ന് നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേയ്ക്ക് എറിഞ്ഞത്. ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ മറവില്‍ സംഘപരിവാരം പ്രഖ്യാപിച്ച ഹര്‍ത്തലിന്റെ മറവിലായിരുന്നു ബോംബേറ്.

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ എന്നീ സ്ത്രീകള്‍ മലകയറിയിരുന്നു. ഇതിനെതിരേ സംഘപരിവാര സംഘടനകള്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളവും, പ്രത്യേകിച്ച് ശബരിമലയില്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ശബരിമല സന്നിധാനത്ത് വച്ച് ലളിത എന്ന മധ്യവയസ്‌കയുടെ തലയില്‍ തേങ്ങയെറിഞ്ഞ് അപായപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ഇതിന് പുറമെ, ശബരിമല അക്രമത്തിനിടെ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ ഇടതു പോലിസ് സമാധാനശ്രമം നടത്താന്‍ നിയോഗിച്ചതും അക്കാലത്ത് വിവാദമായിരുന്നു.

അതേസമയം, സംഘപരിവാര നേതൃത്വത്തില്‍ സംസ്ഥാനത്ത് അരങ്ങേറിയ നിരവധി അക്രമസംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടതു സര്‍ക്കാര്‍. ശബരിമല തങ്ങള്‍ക്ക് കിട്ടിയ സുവര്‍ണാവസരമാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നുമുള്ള ബിജെപി നേതാവ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശവും വിവാദമായിരുന്നു. കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ഇന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. സംഘപരിവാര തല്‍പര്യങ്ങള്‍ക്കനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് നീങ്ങേണ്ടിവന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിശ്വാസസംരക്ഷണത്തിന്റെ മറവില്‍ സംഘപരിവാര അക്രമമായിരുന്നു സംസ്ഥാനത്ത് അരങ്ങേറിയതെന്ന് സര്‍ക്കാരിന് ബോധ്യമുള്ള കാര്യമാണ്. എന്നിരിക്കേയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആവശ്യമെന്ന മട്ടില്‍ കേസുകള്‍ പിന്‍വലിക്കുന്നത്.

പൗരത്വ സമരത്തിന്റെ പേരില്‍ 500 കേസുകളാണ് ഇടതു പോലിസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പൗരത്വ സമരത്തിന് പിന്‍തുണ നല്‍കിയ 46 പൊതു പ്രവര്‍ത്തകര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചിരുന്നു. മനപ്പൂര്‍വ്വം ശബരിമലയില്‍ അക്രമം നടത്തിയ സംഘപരിവാരത്തെ വെള്ളപൂശാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൃദുഹിന്ദുത്വ നിലപാടുകാരെ തൃപ്തിപ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമമാണ് കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ പുറത്തുവരുന്നത്.

Tags: