പ്രക്ഷോഭം ശക്തം; ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവച്ചു

രണ്ടാഴ്ചയായി ലബനാനില്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാണ്. തൊഴിലില്ലായ്മ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയിലൂടെയാണ് ലബനാന്‍ കടന്നുപോവുന്നത്.

Update: 2019-10-30 04:20 GMT

ബൈറൂത്: ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി സഅദ് ഹരിരി രാജിവച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ടാഴ്ചയായി ലബനാനില്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാണ്. തൊഴിലില്ലായ്മ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയിലൂടെയാണ് ലബനാന്‍ കടന്നുപോവുന്നത്. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ നികുതി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് പ്രതിഷേധം തുടങ്ങിയത്. അതേസമയം, സാമ്പത്തികമാന്ദ്യം മറികടക്കാനായി വാട്‌സ് ആപ്പ് ഉപയോഗത്തിനടക്കം ഏര്‍പ്പെടുത്തിയ നികുതി പ്രഖ്യാപനത്തിനെതിരേ ശക്തമായ എതിര്‍പ്പുമുയര്‍ന്നു. ഇതെത്തുടര്‍ന്ന് പ്രഖ്യാപനം പിന്‍വലിച്ചിരുന്നു.

വീണ്ടും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ ഹരീരിയുടെ സര്‍ക്കാരിന് പിന്തുണയുമായി ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ല രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ രാജിവച്ചാല്‍ അത് രാജ്യത്തെ തകര്‍ക്കുമെന്നും ഹസ്സന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കി. എന്നാല്‍, സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ഉറച്ചനിലപാടിലായിരുന്നു പ്രക്ഷോഭകര്‍. കഴിഞ്ഞ ദിവസം ഹരീരി സര്‍ക്കാരിലെ ക്രിസ്ത്യന്‍ സഖ്യകക്ഷി മന്ത്രിമാര്‍ രാജിവച്ചിരുന്നു. പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ രാജിക്ക് താന്‍ തയ്യാറാണെന്നും പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജിക്കത്ത് നല്‍കുകയാണെന്നും സഅദ് അല്‍ ഹരീരി അറിയിച്ചു. അധികാരത്തിലേറിയ ശേഷം മൂന്നാംതവണയാണ് ഹരീരി രാജിപ്രഖ്യാപനം നടത്തുന്നത്.

Tags:    

Similar News