പിണറായി സര്‍ക്കാര്‍ പരിഗണിക്കാത്ത വി എസ് കമ്മിഷന്‍ റിപോര്‍ട്ടിന് പ്രകടനപത്രികയില്‍ മാത്രം ഇടം; ഖജനാവിന് നഷ്ടമായത് കോടികള്‍
കമ്മീഷന്‍ റിപോര്‍ട്ടില്‍ ഒന്നുപോലും ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ പരിഗണിക്കാതിരുന്ന വി എസ് അച്യുതാനന്ദിന്റെ ഭരണപരിഷ്‌കാര കമ്മിഷന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഇടം. ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പുറത്തിറത്തിറക്കിയ പ്രകടന പത്രികയിലാണ് വിഎസ് ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മീഷന്‍ റിപോര്‍ട്ട് പരിശോധിച്ച് നടപ്പിലാക്കുമെന്ന് പറയുന്നത്. പൊതു ഖജനാവിന് കോടികളാണ് കമ്മീഷന്‍ പ്രവര്‍ത്തനത്തിലൂടെ നഷ്ടമായത്. 'ഒന്‍പത് കോടിയിലധികം രൂപ ചിലവഴിച്ച് വിഎസ് അച്യുതാന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാരകമ്മിഷന്റെ ഒരു നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പതിനൊന്നു പഠന-പരിഷ്‌കരണ റിപോര്‍ട്ടുകളാണ് വിഎസ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. 2016 ഓഗസ്റ്റില്‍ നിലവില്‍ വന്ന കമ്മീഷന്റെ ഒരു റിപോര്‍ട്ടും ഇടതു സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
2019 മെയ് വരെ 5.90 കോടി രൂപ കമ്മീഷനായി ചിലവഴിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ പറയുന്നു. വിഎസ് 23.43 ലക്ഷം രൂപ ശമ്പളയിനത്തിലും 5.51 ലക്ഷം രൂപ യാത്രാബത്ത ഇനത്തിലും കൈപ്പറ്റിയിട്ടുണ്ട്. വിഎസിന് പുറമെ മൂന്ന് പേരായിരുന്നു കമ്മീഷനില്‍ ഉണ്ടായിരുന്നത്. മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീലാ ഗംഗാധരന്‍, മെമ്പര്‍ സെക്രട്ടറി ഷീല തോമസ്് എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. ശമ്പളയിനത്തില്‍ യഥാക്രമം 25.56 ലക്ഷം, 7.55 ലക്ഷം, 38.37 ലക്ഷം എന്നിങ്ങനെ കൈപ്പറ്റിയിട്ടുണ്ട്. യാത്ര ബത്തായിനത്തില്‍ നീല ഗംഗാധരന്‍ മാത്രം 3.56 ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്. മറ്റ് ഇനങ്ങളിലായി വലിയ തുകയും കമ്മീഷന്‍ ചിലവഴിച്ചതായി വിവരാവകാശ രേഖയില്‍ പറയുന്നു. എം കെ ഹരിദാസ് ശേഖരിച്ച വിവരാവകാശ രേഖ പുറത്ത് വന്നതിന് ശേഷം ഒന്നര വര്‍ഷം കൂടി വിഎസ് കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ കണക്കുകള്‍ കൂട്ടി നോക്കുമ്പോള്‍ ഒമ്പത് കോടി രൂപയോളം കമ്മീഷന്‍ പ്രവര്‍ത്തനത്തിനായി ചിലഴിച്ചിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ ഇക്കഴിഞ്ഞ ജനുവരി 31ന് വിഎസ് അചുതാന്ദന്‍ കമ്മീഷന്‍ സേവനം അവസാനിപ്പിച്ചിരുന്നു.
മുതിര്‍ന്ന നേതാവായ വിഎസ് അച്യുതാന്ദനെ, അക്കോമഡേറ്റ് ചെയ്യുന്നതിനാണ് കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനാക്കിയത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം, കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും വിഎസ്് പൂര്‍ത്തിയാക്കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി തന്റെ ഭരണകാലയളവില്‍ വിഎസ് കമ്മിഷന്റെ ഒരു റിപോര്‍ട്ടും പരിഗണിച്ചില്ല.
