ലൈംഗിക പീഡനം: ബ്രിജ് ഭൂഷനു വേണ്ടി ഹാജരാവുന്നത് നിര്‍ഭയ കേസില്‍ വധശിക്ഷ ആവശ്യപ്പെട്ട അഭിഭാഷകന്‍

Update: 2023-07-19 07:34 GMT

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനു വേണ്ടി ഹാജരാവുന്നത് നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍. 2012ലെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ ബലാത്സംഗക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജീവ് മോഹന്‍ ആണ് ഇപ്പോള്‍ ലൈംഗികാതിക്രമക്കേസിലെ പ്രതിക്കു വേണ്ടി ഹാജരാവുന്നത്. നിര്‍ഭയ കേസില്‍ ഡല്‍ഹി പോലിസിന് വേണ്ടി ഹാജരായ മോഹന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയില്‍ രാജീവ് മോഹന്‍ ആണ് ബ്രിജ് ഭൂഷനെ പ്രതിനിധീകരിച്ച് ഹാജരായത്. ബ്രിജ് ഭൂഷന് പീഡനക്കേസില്‍ കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ ജൂലൈ 20ന് വാദം കേള്‍ക്കാനായി മാറ്റിവച്ചിരിക്കുകയാണ്.

    2012 ഡിസംബര്‍ 16ന് തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിക്കു സമീപം മുനിര്‍കയില്‍ ആണ്‍സുഹൃത്തിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത കേസാണ് പിന്നീട് നിര്‍ഭയ കേസ് എന്ന് അറിയപ്പെട്ടത്. രാജ്യതലസ്ഥാനത്ത് വന്‍ പ്രക്ഷോഭത്തിന് കാരണമായ കേസില്‍ 2020 മാര്‍ച്ചില്‍ നാല് പേരെ ശിക്ഷിക്കുകയും തൂക്കിലേറ്റുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധത്തിനും നിര്‍ഭയ കേസ് കാരണമാക്കിയിരുന്നു. ഇതേ കേസില്‍ പ്രതികള്‍ക്കെതിരേ ഹാജരായ അഭിഭാഷകനാണ് ഇപ്പോള്‍ ലൈംഗിക പീഡനക്കേസില്‍ പ്രതിക്കു വേണ്ടി ഹാജരാവുന്നത് എന്നതാണ് വിരോധാഭാസം.

    ലൈംഗിക പീഡനക്കേസില്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും ഡബ്ല്യുഎഫ്‌ഐയുടെ തലപ്പത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഗുസ്തി താരങ്ങള്‍ ഈ വര്‍ഷം ആദ്യം മുതല്‍ പ്രതിഷേധത്തിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് ഡല്‍ഹി പോലിസ് രണ്ട് എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് താരങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കാണിച്ച് ഡല്‍ഹി പോലിസ് കേസ് റദ്ദാക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുസ്തി താരങ്ങളുടെ ആരോപണങ്ങളില്‍ അന്വേഷണം ശരിയായി നടന്നില്ലെങ്കില്‍ അവര്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമാകുമെന്ന് നിര്‍ഭയയുടെ മാതാവും നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    

Similar News