ലക്ഷ ദ്വീപ് കലക്ടര്‍ക്കെതിരെ എറണാകുളത്ത് കരിങ്കൊടി പ്രതിഷേധവും ഗോ ബാക്ക് വിളികളും

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയപ്പോഴായിരുന്നു ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലിക്കു നേരെ ഡിവൈഎഫ് ഐ,എ ഐ വൈ എഫ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധവും ഗോ ബാക്കു വിളികളും ഉണ്ടായത്

Update: 2021-05-27 12:27 GMT

കൊച്ചി: ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായി ചാര്‍ജ്ജെടുത്ത അഡ്മിനിസ്‌ട്രേറ്റര്‍ നടപില്ലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലും കേരളത്തിലുമായി പ്രതിഷേധം തുടരുന്നതിനിടയില്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലിക്കു നേരെ ഡിവൈഎഫ് ഐ,എ ഐ വൈ എഫ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധവും ഗോ ബാക്കു വിളികളും.


ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലി എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളന നടത്താന്‍ എത്തിയത്.പോലിസ് അകമ്പടിയോടെ എത്തിയ കലക്ടര്‍ക്കു നേരെ കരിങ്കൊടിയും ഗോ ബാക്ക് വിളികളുമായി എ വൈ എഫ്,ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. കലക്ടര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് സ്ഥലത്ത് പോലിസും തമ്പടിച്ചിരുന്നു. എന്നാല്‍ കലക്ടര്‍ എത്തിയതോടെ പോലിസ് വലയം ഭേദിച്ച് പ്രതിഷേധക്കാര്‍ കരിങ്കൊടികളും ഗോ ബാക്കു വിളികളുമായി കലക്ടറുടെ വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.

പിന്നാലെ ഓടിയ പോലിസ് ഇവരെ വളരെ ശ്രമകരമായാണ് ബലപ്രയോഗത്തിലൂടെ തടഞ്ഞത്. കലക്ടര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തുമ്പോഴും താഴെ റോഡില്‍ പ്രതിഷേധം തുടര്‍ന്നു.തുടര്‍ന്ന് പോലിസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി.വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങിയ സമയത്താണ് കലക്ടര്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത്.പ്രസ്‌ക്‌ളബിന് സമീപമുള്ള സെന്റ്.തെരേസാസ് സ്‌കൂളിന് മുന്നില്‍ കാത്തു നിന്ന പ്രവര്‍ത്തകര്‍ കലക്ടര്‍ പ്രസ്‌ക്ലബില്‍ നിന്ന് മടങ്ങുമ്പോള്‍ കരിങ്കൊടിയുമായി വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജില്ലാ ഭാരവാഹികളായ കെ പി ശ്യാം, സിജോ ജോസഫ് എന്നിവരാണ് കരിങ്കൊടിയുമായി എത്തി പ്രതിഷേധിച്ചത്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Tags: