ലക്ഷദ്വീപ്; കേന്ദ്രസര്‍ക്കാര്‍ കുരുക്കുകള്‍ മുറുക്കുക തന്നെയാണ്

ജനങ്ങളെ ഒരു കാര്യത്തിനും പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബന്ധനത്തിലിട്ടിരിക്കുകയാണ്. വീടിനു പുറത്തിറങ്ങുന്നവരെ കൊവിഡ് പ്രോട്ടോകോള്‍ ലഘിച്ചു എന്ന പേരിലും ഗുണ്ടാ ആക്ട് ചുമത്തിയും അറസ്റ്റ് ചെയ്യുകയാണ്

Update: 2021-06-06 10:50 GMT

കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും ദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാറും അഡ്മിനിസ്‌ട്രേറ്ററും കുരുക്കുകള്‍ കൂടുതല്‍ മുറുക്കുന്നു. 370ാം വകുപ്പ് എടുത്തുകളഞ്ഞു കൊണ്ട് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ നടപ്പിലാക്കിയ തന്ത്രങ്ങളുടെ അതേ ആവര്‍ത്തനം തന്നെയാണ് മറ്റൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

കശമീരില്‍ നിന്നും വിഭിന്നമായി ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പുറംലോകവുമായുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കൂടി അധികമായി ആസൂത്രണം ചെയ്യുന്നുണ്ട്. ദ്വീപിലെ ജനത നൂറ്റാണ്ടുകളായി ബന്ധം പുലര്‍ത്തിയിരുന്ന കേരളവുമായുള്ള ബന്ധം ഇല്ലാതെയാക്കാനാണ് ചരക്കു നീക്കം ബേപ്പൂരില്‍ നിന്നും മംഗലാപുരത്തേക്ക് മാറ്റിയത്. ദൂരക്കുറവും ഇന്ധനലാഭവും ഇതിന്റെ മേന്മയായി പറയുന്നുണ്ടെങ്കിലും യഥാര്‍ഥ ലക്ഷ്യം കേരളവുമായുള്ള ദ്വീപുവാസികളഉടെ ബന്ധം ഇല്ലാതെയാക്കുക എന്നതു തന്നെയാണ്. ലക്ഷദ്വീപിലേക്കുള്ള ചരക്ക് കയറ്റി അയക്കുന്നത് മംഗലാപുരത്ത് നിന്നും ആക്കി മാറ്റിയതു പോലെ യാത്രകപ്പലുകളുടെ വരവും പോക്കും കൂടുതലായി മംഗലാപുരത്തേക്ക് മാറ്റുന്നതിലൂടെ ഈ അജണ്ട നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറിനു സാധിക്കും. ദൂരക്കുറവ് എന്ന വാദം ഇവിടെയും ഉയര്‍ത്താനാവും.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ പുറത്തു നിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ സാധിക്കുന്ന അവസ്ഥ വന്നിരുന്നു. അതോടെ കശ്മീരില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ആധിപത്യമുറപ്പിക്കാനും സാസംകാരിക പൈതൃകം തന്നെ മാറ്റിമറിക്കാനും സാധിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.

ലക്ഷദ്വീപിലും ഇതേ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. അത് മറ്റൊരു വിധത്തിലാണെന്നു മാത്രം. ലക്ഷദ്വീപിലെ ഭൂമി നാലായി തിരിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത്. വരാനിരിക്കുന്ന പുതിയ നിയമപ്രകാരം താമസ്ഥലം എന്ന ഇനത്തില്‍ അടയാളപ്പെടുത്തി ഭൂമിയില്‍ മാത്രമേ വിടുവെക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. കൃഷി, വാണിജ്യം, വ്യവസായം എന്നിങ്ങനെയുള്ള മറ്റു മൂന്നു തരത്തില്‍പ്പെട്ട ഭൂമിയില്‍ വീടുവെക്കാനാവില്ല. സ്വന്തം ഉടമസ്ഥതയിലുള്ള മണ്ണാണെങ്കില്‍ പോലും താമസസ്ഥലത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂമിയല്ലെങ്കില്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദ്വീപ് ഭരണകൂടം അനുമതി നല്‍കില്ല എന്നു മാത്രമല്ല, നിയമം ലംഘിച്ചാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. അതേ സമയം വാണിജ്യം, വ്യവസായം എന്നീ പട്ടികയില്‍പ്പെടുന്ന ഭൂമി പുറത്തു നിന്നുള്ളവര്‍ക്ക് പതിച്ചു കൊടുക്കാനും ഭരണകൂടത്തിനു കഴിയും. പുറമെ നിന്നുള്ളവര്‍ക്ക് ഭൂമിയില്‍ ഉള്‍പ്പടെ ആധിപത്യം നല്‍കി ലക്ഷദ്വീപില്‍ നൂറ്റാണ്ടുകളായി തുടരുന്ന സാംസ്‌കാരിക പാരമ്പര്യം തകര്‍ത്തെറിയുക എന്ന വ്യക്തമായ അജണ്ട തന്നെ ഇതിനു പിന്നിലുണ്ട്. ദ്വീപില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കിയതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്.

ലക്ഷദ്വീപില്‍ നിന്ന് ദ്വീപുകാരല്ലാത്തവരോട് മുഴുവന്‍ ഒഴിഞ്ഞുപോകാന്‍ ഭരണകൂടം ആവശ്യപ്പെട്ടതും വ്യക്തമായ അജണ്ടകളോടെ തന്നെയാണ്. ഇനി ദ്വീപുകാരല്ലാത്തവര്‍ക്ക് ഇവിടേക്കു വരണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി വേണം. എഡിഎം അനുമതി നിഷേധിക്കുന്നവര്‍ക്ക് ദ്വീപിലെത്താന്‍ കഴിയില്ല. ഈ തീരുമാനത്തെ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് ദ്വീപ് സ്വദേശിയായ ഒരു യുവാവ് പറഞ്ഞു. ദ്വീപിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളെ തിരിച്ചയക്കുന്നതോടെ പകരം ഉത്തരേന്ത്യന്‍ തൊഴിലാളികളാകും ഇവിടേക്ക് എത്തുക. ആസൂത്രിതമായി നടത്തിയ ഗുജറാത്ത് കലാപം പോലെയുള്ള പല അജണ്ടകളും ഇതിനു പിന്നില്‍ ഉണ്ടായേക്കാമെന്നാണ് തങ്ങളുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ പേരില്‍ ഭരണകൂടം ജനങ്ങളെ വരിഞ്ഞുമുറുക്കകയാണെന്ന് കവരത്തി ദ്വീപിലെ ഒരു വീട്ടമ്മ ഓഡിയോ സന്ദേശത്തില്‍ അറിയിച്ചു. ജനങ്ങളെ ഒരു കാര്യത്തിനും  പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബന്ധനത്തിലിട്ടിരിക്കുകയാണ്. വീടിനു പുറത്തിറങ്ങുന്നവരെ കൊവിഡ് പ്രോട്ടോകോള്‍ ലഘിച്ചു എന്ന പേരിലും ഗുണ്ടാ ആക്ട് ചുമത്തിയും അറസ്റ്റ് ചെയ്യുകയാണ്. പലരെയും ഇത്തരത്തില്‍ പിടികൂടി ജയിലുകളില്‍ അടച്ചിട്ടുണ്ടന്നും അവര്‍ പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം 6 മാസം വരെ തടങ്കലില്‍ വെക്കാനും ഭരണകൂടത്തിനു സാധിക്കും. കൊവിഡ് ബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ മതിയായ ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുകയാണ്. ലോക്ഡൗണിന്റെ പേരില്‍ കഴിഞ്ഞ 3 ആഴ്ച്ചയായി കടകള്‍ അടഞ്ഞുകിടക്കുകയാണ്. ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമാണ് തുറക്കുന്നത്. അതും നേരിട്ട കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കുന്നില്ല. പുറത്തിറങ്ങുന്നവരെയെല്ലാം പിടിച്ചു കൊണ്ടു പോകുകയാണ്. വേണ്ട സാധനങ്ങളുടെ വിവരം വാര്‍ഡ് മെമ്പറെ അറിയിച്ച്, വാര്‍ഡ് മെമ്പറാണ് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നത്. ഇതിനാല്‍ പല വീടുകളിലേക്കും ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ എത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. ലോക്ഡൗണ്‍ തുടരുന്നതും അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നിയമങ്ങളും കാരണം സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും പട്ടിണിയിലാണ്.

ലക്ഷദ്വീപിനു വേണ്ടി പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കേന്ദ്ര സര്‍ക്കാറും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലും മുന്‍കൂട്ടിയുള്ള അജണ്ട പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്. മത്സ്യബന്ധന യാനങ്ങളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൂടി കൊണ്ടുപോകണമെന്നും തേങ്ങളും ഓലയും നിലത്ത് വീണുകിടക്കരുതെന്നുമുള്ള വിചിത്രമായ ഉത്തരവുകളുടെ മറവിലൂടെ യഥാര്‍ഥ ലക്ഷ്യം നടപ്പിലാക്കാനുള്ള പണിയിലാണ് ബിജെപി ഭരണകൂടം.

Tags: