ലക്ഷദ്വീപ്: ജോലി നഷ്ടപ്പെട്ടവര്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത്
ഇതുവരെ ജോലി നഷ്ടപ്പെട്ടത് 2000ത്തോളം പേര്‍ക്ക്
വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരത്തിന്റെ മറവില്‍ അങ്കണവാടി ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം, മറൈന്‍ വാച്ചേഴ്‌സ്, കൃഷി വകുപ്പ്, മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് കൂട്ട പിരിച്ചുവിടല്‍ നടത്തിയത്. ഇതുവരെയായി 1900ത്തിനു മുകളില്‍ ജീവക്കാര്‍ക്കാണ് ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെട്ടത്. താല്‍ക്കാലിക ജീവനക്കാരും 10 വര്‍ഷത്തിലേറെ കരാര്‍, താല്‍ക്കാലിക, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദിവസവും പ്രതിഷേധം ശക്തിപ്പെടുത്തുന്നുണ്ട്. പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനെതിരേയും പ്രതിഷേധമുയര്‍ത്തിയിരുന്നു.
പുതിയ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡാ പട്ടേല്‍ ചുമതലയേറ്റ് ആറു മാസത്തിനകമാണ് രണ്ടായിരത്തോളം പേരെ പിരിച്ചുവിട്ടത്. അടുത്ത മാസത്തോടെ ഇതിന്റെ എണ്ണം രണ്ടായിരം മറികടക്കുമെന്നാണ് പ്രദേശവാസികള്‍ തന്നെ പറയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമെന്നും മറ്റും പറഞ്ഞാണ് പിരിച്ചുവിടലെങ്കിലും അഡ്മിനിസ്‌ട്രേറ്ററുടെ ഒറ്റ യാത്രയ്ക്കു മാത്രം 23 ലക്ഷം രൂപ ചെലവിട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.
Lakshadweep: Job losers stage direct protest