കുന്നുംപുറം ബാലികാ പീഡനക്കേസ്: പ്രതികളെ രക്ഷിക്കാന്‍ ഉന്നതരുടെ ഇടപെടല്‍

സക്കീറലി കീഴടങ്ങുകയും റിമാന്‍ഡിലാവുകയും ചെയ്തെങ്കിലും ചോലക്കന്‍ മുഹമ്മദിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നതെങ്കിലും ഉന്നതരുടെ സംരക്ഷണത്തിലാണ് പ്രതിയെന്നതിനാലാണ് പോലിസ് ഇയാളെ പിടികൂടാത്തതെന്നുമാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

Update: 2020-09-06 14:18 GMT

തിരൂരങ്ങാടി: കുന്നുംപുറം പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തിന്റെ മറവില്‍ അനാഥ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നതരുടെ ഇടപെടല്‍. ഒന്നാം പ്രതിയും പാലിയേറ്റീവ് കേന്ദ്രം മുന്‍ സെക്രട്ടറിയുമായ എആര്‍ നഗര്‍ കക്കാടംപുറം രക്ഷന്‍ വില്ലയില്‍ അരീക്കന്‍ സക്കീറലി(38), രണ്ടാംപ്രതി ചോലക്കന്‍ മുഹമ്മദ്(42) എന്നിവരെ രക്ഷിക്കാനാണ് ഉന്നത ഇടപെടല്‍ നടക്കുന്നതായി ആരോപണമുയര്‍ന്നിട്ടുള്ളത്. സക്കീറലി കീഴടങ്ങുകയും റിമാന്‍ഡിലാവുകയും ചെയ്തെങ്കിലും ചോലക്കന്‍ മുഹമ്മദിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നതെങ്കിലും ഉന്നതരുടെ സംരക്ഷണത്തിലാണ് പ്രതിയെന്നതിനാലാണ് പോലിസ് ഇയാളെ പിടികൂടാത്തതെന്നുമാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

    പെണ്‍കുട്ടിക്ക് എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ക്രൂരപീഡനത്തിനിരയായ കേസൊതുക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്രമം നടന്നിരുന്നു. മാതാപിതാക്കള്‍ മരണപ്പെട്ട പെണ്‍കുട്ടിയെ അടുത്ത ബന്ധുവിന് കൈമാറാന്‍ വിസമ്മതിച്ചതിനു പിന്നാലെ, പീഡനവിവരം പുറത്തായപ്പോള്‍ ബന്ധുക്കള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് കേസില്‍ നിന്നു പിന്‍മാറാന്‍ പാലിയേറ്റീവ് കേന്ദ്രം ഭാരവാഹികള്‍ ശ്രമിച്ചതും പുറത്തുവന്നിരുന്നു. പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഭാരവാഹികള്‍ കുട്ടിയുടെ ബന്ധുക്കളെ സമീപിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് പ്രതിപക്ഷത്തെ പ്രമുഖ കക്ഷിയിലെ ഉന്നതനെ ഉപയോഗിച്ച്, നേരത്തേ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയുടെ കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ നേതാവിനെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചതെന്നാണ് വിവരം. കേസില്‍ നിന്ന് പിന്‍മാറാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇതിനു തയ്യാറായില്ല. മാത്രമല്ല, ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ കുറിച്ച്, പെണ്‍കുട്ടിയുടെ നീതിക്കു വേണ്ടി രംഗത്തുള്ളവരെ ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതി മുഹമ്മദ് പിടിക്കപ്പെടുന്നത് പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

    പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ മറവില്‍ നേരത്തേ നടന്ന പല കഥകളും പുറത്തറിയുമോയെന്നാണ് ഇവരുടെ ആശങ്കയെന്ന സംശയവും ബലപ്പെടുകയാണ്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിട്ടുകിട്ടാന്‍ 2018 നബംവര്‍ രണ്ടിനു കോഴിക്കോട്ടുള്ള അടുത്ത ബന്ധു വേങ്ങര പോലിസിന് പരാതി നല്‍കിയപ്പോള്‍, പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പണപ്പിരിവ് നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയും പാലിയേറ്റീവ് കെയര്‍ നടത്തിപ്പുകാരില്‍ ചിലര്‍ക്കുണ്ടെന്നാണ് സൂചന.

    അതിനിടെ, അനാഥ ബാലിക ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പാലിയേറ്റീവ് കെയറിന്റെ മുന്‍ ഭാരവാഹികള്‍ പ്രതികളെ ന്യായീകരിക്കുമ്പോള്‍ സംഭവം നടന്നെന്ന് പരാതിയില്‍ പറയുന്ന കാലത്ത് പാലിയേറ്റീവ് കെയര്‍ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന ചാക്കീരി അബൂബക്കര്‍, സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ എന്നിവരുടെ മൗനവും സംശയം വര്‍ധിപ്പിക്കുന്നതാണ്. രക്ത ബന്ധമില്ലാത്തയാളുടെ കൂടെ ഒരു പെണ്‍കുട്ടിയെ താമസിപ്പിക്കാന്‍ വിട്ടതും മാതാവ് മരണപ്പെട്ടപ്പോള്‍ അര്‍ധസഹോദരിയുടെ കൂടെ പോവാന്‍ സമ്മതിച്ച പെണ്‍കുട്ടിയെ തടഞ്ഞതും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. മാതാവിന്റെ മരണാന്തര ചടങ്ങിന് ശേഷം ചേര്‍ന്ന പാലിയേറ്റീവ് കമ്മിറ്റി യോഗത്തില്‍ കുട്ടിയെ ആര്‍ക്കൊപ്പം വിടാനാണ് തീരുമാനിച്ചതെന്ന ചോദ്യവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. അര്‍ധസഹോദരി വേങ്ങര സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സക്കീറലിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ കുട്ടിയെ കൂടെ കൂട്ടിയിരുന്നില്ല. പിറ്റേന്ന് രാവിലെ 10നു മലപ്പുറം ശിശു ക്ഷേമ സമിതി മുമ്പാകെ ഹാജരാക്കാമെന്ന് സക്കീറലി വേങ്ങര എസ് ഐക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. തുടര്‍ന്ന് ഉച്ചയ്ക്കു 1.30നാണ് കുട്ടിയെ ഹാജരാക്കിയത്. ഇതേ ദിവസം സക്കീറലിയും മുഹമ്മദും മറ്റൊരു സ്ത്രീയും കൂടി പെണ്‍കുട്ടിയെ മുറിയിലടച്ച് ഭീഷണിപ്പെടുത്തിയെന്നും പാലിയേറ്റീവ് കെയറിന്റെ വാഹനത്തില്‍ വച്ച് കുട്ടിയെ പ്രലോഭിപ്പിച്ചെന്നും ആക്ഷേപമുണ്ട്. മാത്രമല്ല, പ്രമുഖ പത്രത്തില്‍ കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതും സക്കീറലിയുടെ കസ്റ്റഡിയിലുള്ള ബാലികയുടെ ചിത്രം മാധ്യമപ്രവര്‍ത്തകന് കൈമാറിയതുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

    പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സക്കീറലി പിടിച്ചുവാങ്ങിയതും ശിശു ക്ഷേമ സമിതിയില്‍ ഹാജരാക്കുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിമാറ്റി തിരൂര്‍ പൊന്ന് അണിയിച്ചതും പാലിയേറ്റീവ് കെയര്‍ നടത്തിപ്പുകാരുടെ ഇടപെടലില്‍ സംശയമുയര്‍ത്തുന്നതായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകളും പ്രതിയായ സക്കീറലിയുടെ കൈവശമാണുള്ളത്. കുട്ടിയെ പാലിയേറ്റീവ് വോളന്റിയറില്‍ ഒരാള്‍ക്ക് വിട്ടുകൊടുക്കണമെന്ന് വ്യാജ ഒസ്യത്ത് ഉണ്ടാക്കിയെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബാലികയെ ശിശു സംരക്ഷണ നിയമ പ്രകാരം വിട്ടുകൊടുക്കണമെന്ന റിലീസിങ് ഓര്‍ഡര്‍ പ്രതികള്‍ സ്വാധീനിച്ച് തടഞ്ഞുവച്ചതായും പറയപ്പെടുന്നു. ഇത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ സ്വാധീനമുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖന്റെ ഇടപെടലുണ്ടായത് കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. ഏതായാലും പാലത്തായി ബാലികാ പീഡനക്കേസ് പോലെ കുന്നുംപുറം പാലിയേറ്റീവ് കേസും അട്ടിമറിക്കപ്പെടുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

Kunnumpuram pocso case: Intervention by higher political leader to save the accused







Tags:    

Similar News