കുംഭമേള: 30 സന്യാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്നലെ മാത്രം 1700 തീർത്ഥാടകർക്കും രോഗം

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഹരിദ്വാറിൽ 2167 പേർക്കാണ് കൊറോണ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്.

Update: 2021-04-16 05:55 GMT

ഹരിദ്വാർ: ഹരിദ്വാറിൽ നടന്ന കുംഭമേളയ്ക്കിടയിൽ ഹരിദ്വാറിലെ 30 സന്യാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. തീർത്ഥാടകർക്കുൾപ്പടെ കൊവിഡ് പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 1700ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

റിപോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇനിയും ഉണ്ടെന്ന സംശയവും അധികൃതർക്കുണ്ട്. മേളയിൽ പങ്കെടുത്ത നിർവാനി അഖാരയിലെ ഒരു പുരോഹിതൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ചിത്രകൂട്ടിൽ നിന്നുള്ള മഹാ നിർവാണി അഖാര തലവൻ കപിൽ ദേവാണ് ബുധനാഴ്ച ഡെറാഡൂൺ ആശുപത്രിയിൽ മരണപ്പെട്ടത്. കൊവിഡ് പരിശോധനയെ തുടർന്ന് ചികിൽസയിലായിരുന്നു.


ഹരിദ്വാറിൽ ഇതുവരെ 30 സന്യാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മെഡിക്കൽ സംഘങ്ങൾ തുടർച്ചയായി അഖദാസിലെത്തി ആർടി-പിസിആർ പരിശോധന നടത്തുന്നുണ്ടെന്നും ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ്കെ ഝാ പറഞ്ഞു. ഏപ്രിൽ 17 മുതൽ പരിശോധന കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഹരിദ്വാറിൽ നിന്നുള്ള കൊവിഡ് പോസിറ്റീവ് റിപോർട്ട് ചെയ്യപ്പെട്ടവരെ ഹോം ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ടെന്നും സി‌എം‌ഒ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ഋഷികേശിലേക്ക് റഫർ ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഹരിദ്വാറിൽ 2167 പേർക്കാണ് കൊറോണ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. ഉത്തരാഖണ്ഡ് സ്റ്റേറ്റ് കൺട്രോൾ റൂം പുറത്തുവിട്ടിട്ടുള്ള വിവരപ്രകാരം ഏപ്രിൽ 10 ന് 254, ഏപ്രിൽ 11 ന് 386, ഏപ്രിൽ 12 ന് 408, ഏപ്രിൽ 13 ന് 598, ഏപ്രിൽ 13 ന് 594, ഏപ്രിൽ 14 ന് 525 എന്നിങ്ങനെയാണ് കണക്ക്.


എന്നാൽ പരിശോധന വർധിപ്പിച്ചതിന് പിന്നാലെ ഇന്നലെ റിപോർട്ട് ചെയ്ത 1700ലധികം കേസുകൾ ഈ കണക്കിൽ പെടില്ല. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർധനയുണ്ടായിട്ടും ഏപ്രിൽ 30 വരെ കുംഭം തുടരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഉത്തരാഖണ്ഡിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡിനുള്ള സാധ്യത കണക്കിലെടുത്ത് കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചതായി റിപോർട്ടുകൾ ഉണ്ട്. 13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് നാളെ മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്.  

Similar News