കെഎസ്ആര്‍ടിസി പണിമുടക്ക്: നിരവധി സര്‍വീസുകള്‍ മുടങ്ങി; യാത്രാക്ലേശം രൂക്ഷം
പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ ചീമുട്ടയെറിഞ്ഞു. നെടുമങ്ങാട് ഡ്രൈവറെ മര്‍ദിച്ചു. ഇയാളിപ്പോള്‍ നെടുമങ്ങാട് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ യുഡിഎഫ് അനുകൂലസംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ ഒരുവിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്. പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ ചീമുട്ടയെറിഞ്ഞു. നെടുമങ്ങാട് ഡ്രൈവറെ മര്‍ദിച്ചു. ഇയാളിപ്പോള്‍ നെടുമങ്ങാട് ആശുപത്രിയില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളില്‍ പകുതിയോളം സര്‍വീസ് മുടങ്ങി. നെയ്യാറ്റിന്‍കരയില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്‍നിന്നുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു.
പാറശ്ശാല ഡിപ്പോയില്‍ ബംഗാളിയെ ഉപയോഗിച്ച് സര്‍വീസ് നടത്തിയെന്ന് സമരക്കാര്‍ ആരോപിച്ചു. ബംഗാളിയായ ഡ്രൈവര്‍ ബസ്സില്‍നിന്നും ഇറങ്ങി ഓടിയതായും സമരക്കാര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിക്ഷേധിച്ച് സമരക്കാര്‍ ഡിപ്പോ ഉപരോധിച്ചു. പത്തനാപുരത്ത് സമരാനുകൂലികളായ 13 പേരെ അറസ്റ്റുചെയ്തു. എറണാകുളത്ത് 12 ഉം ആലുവയില്‍ 70 ഉം ആലപ്പുഴയില്‍ 73 ഉം സര്‍വീസുകള്‍ മുടങ്ങി. കൊല്ലത്തെ 104 സര്‍വീസുകളില്‍ 45 എണ്ണം റദ്ദാക്കി. ഇതില്‍ നാല് എണ്ണം ദീര്‍ഘദൂര സര്‍വീസുകളാണ്. പത്തനംതിട്ടയില്‍ 15 ഉം കോഴിക്കോട് എട്ടും കണ്ണൂരില്‍ എട്ടും തലശ്ശേരിയില്‍ 19 ഉം കോട്ടയത്ത് 20 ഉം സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ 60 ശതമാനം സര്‍വീസുകള്‍ മുടങ്ങിയതാണ് റിപോര്‍ട്ട്. മലയോര ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള ഡിപ്പോകളില്‍ നാമമാത്രമായ ബസ്സുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മലപ്പുറം പാലക്കാട് ജില്ലകളിലും വലിയവിഭാഗം സര്‍വീസുകള്‍ മുടങ്ങി. കൃത്യമായി ശമ്പളം നല്‍കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക് നടക്കുന്നത്. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ഒരുവിഭാഗം ജീവനക്കാര്‍ മാത്രമായതിനാല്‍ സമരം വലിയ രീതിയില്‍ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍, ആദ്യമണിക്കൂറുകളില്‍ സമരം വലിയ രീതിയില്‍ ബാധിച്ചെന്ന റിപോര്‍ട്ടാണ് ലഭിക്കുന്നത്.

