3,861 എം-പാനല്‍ കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു
മുഴുവന്‍ എം-പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ട് പിഎസ്‌സി ശുപാര്‍ശ ചെയ്തവരെ ഇന്നലെ നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്.
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയില്‍ 3,861 എം-പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങും. മുഴുവന്‍ എം-പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ട് പിഎസ്‌സി ശുപാര്‍ശ ചെയ്തവരെ ഇന്നലെ നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. എന്നാല്‍, രാവിലെ കേസ് പരിഗണിച്ചപ്പോഴും ഉത്തരവിറങ്ങാത്തതില്‍ കോടതി കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെയും ജനങ്ങളെയും കെഎസ്ആര്‍ടിസി വിഡ്ഢികളാക്കുകയാണെന്നും ഉന്നതപദവിയിലിരിക്കുന്നവരെ നീക്കാനും കോടതിക്ക് അറിയാമെന്നുമായിരുന്നു പ്രതികരണം. വിമര്‍ശനം വന്നതിന് തൊട്ടുപിന്നാലെ മുഴുവന്‍ പേരെയും പിരിച്ചുവിട്ട് എംഡി ഉത്തരവിറക്കി.
ഹൈക്കോടതി വിധി അംഗീകരിക്കുകയേ നിവൃത്തിയുള്ളൂവെന്നും മേല്‍ക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മുഴുവന്‍ പേരെയും തിരിച്ചെടുക്കുമെന്നും എംഡി ടോമിന്‍ ജെ തച്ചങ്കരി ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കി. ജീവനക്കാര്‍ ഇതൊരു അവധിയായി കണക്കാക്കിയാല്‍ മതിയെന്നും എം-പാനലുകാരെ പിരിച്ചുവിടുന്നതോടെ കെഎസ്ആര്‍ടിസിക്കുണ്ടാവുന്ന ബുദ്ധിമുട്ട് വിശദീകരിച്ച് ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടൊപ്പം പിഎസ്‌സി ശുപാര്‍ശ ചെയ്തവര്‍ക്കും ഉടന്‍ നിയമന ഉത്തരവ് നല്‍കും. കണ്ടക്ടര്‍മാരുടെ അഭാവം കാരണം ബസ്സുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ മാനേജ്‌മെന്റ് നടപടി ആരംഭിച്ചു. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധികള്‍ നിയന്ത്രിച്ചിട്ടുണ്ട്. ചീഫ് ഓഫിസിന്റെ അനുമതിയില്ലാതെ അവധി നല്‍കേണ്ടതില്ലെന്ന് ഉത്തരവിറങ്ങി. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം കൂടുതല്‍ ബസ്സുകളിലേക്ക് വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പിരിച്ചുവിടാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് എം-പാനല്‍ ജീവനക്കാരുടെ തീരുമാനം. എം-പാനല്‍ ജീവനക്കാരുടെ ജോലിയില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാവും.
