ബിജെപി കള്ളപ്പണ കവർച്ചാ കേസ് അട്ടിമറിച്ചു; സുരേന്ദ്രൻ ഉൾപ്പടെ ബിജെപി നേതാക്കളാരും പ്രതികളാകില്ല

കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തിലെ പ്രധാന ആവശ്യമെന്നാണ് സൂചന.

Update: 2021-07-16 05:36 GMT

തൃശൂർ: ബിജെപി കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ല. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം ജൂലായ് 24ന് സമർപ്പിക്കും. ഇരിങ്ങാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്.

കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തിലെ പ്രധാന ആവശ്യമെന്നാണ് സൂചന. കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ഇതുവരെ പോലിസ് ചോദ്യം ചെയ്‌തത്.

ബുധനാഴ്‌ചയാണ് സുരേന്ദ്രൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. ഒന്നര മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം സുരേന്ദ്രനെ വിട്ടയക്കുകയായിരുന്നു. കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തിരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.

പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. 22 പേരെ അറസ്റ്റ് ചെയ്ത കേസിൽ ഒരു കോടി 45 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. എന്നാൽ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.

ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. കേസിന്‍റെ രാഷ്ട്രീയമാനം പൂർണമായും പോലിസ് അവസാനിപ്പിക്കുന്നു എന്ന് വേണം കണക്കാക്കേണ്ടത്. ഇത് പുതിയ രാഷ്‌ട്രീയ വിവാദത്തിന് വഴിയൊരുക്കും. സിപിഎം- ബിജെപി രഹസ്യബാന്ധവം എന്നാരോപിച്ച് യുഡിഎഫ് ഇതിനെ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്.